23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പഴശ്ശി സാഗർ പദ്ധതി തുരങ്കത്തിന് സമീപത്തെ മണ്ണിടിച്ചിൽ – ഭിത്തി ബലപ്പെടുത്തൽ പ്രവർത്തി ആരംഭിച്ചു
Kerala

പഴശ്ശി സാഗർ പദ്ധതി തുരങ്കത്തിന് സമീപത്തെ മണ്ണിടിച്ചിൽ – ഭിത്തി ബലപ്പെടുത്തൽ പ്രവർത്തി ആരംഭിച്ചു

ഇരിട്ടി: നിർമ്മാണ പ്രവർത്തി നിർത്തിവെച്ച പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രധാന തുരങ്കത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചലിന് പരിഹാരം കാണാനുള്ള നടപടികൾ ആരംഭിച്ചു. പഴശ്ശി പദ്ധതിയുടെ സുരക്ഷയെ ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികളാണ് തുടങ്ങിയത്. ഇതിനായി തുരങ്കത്തേയും സംഭരണിയേയും വേർതിരിക്കുന്ന മൺതിട്ടയെ ബലപ്പെടുത്തുന്നതിന് ഇടിഞ്ഞ ഭാഗത്ത് കരിങ്കൽ കൂട്ടിയിട്ട് ഭിത്തി നിർമ്മിക്കുന്ന പ്രവ്യത്തിയാണ് ആരംഭിച്ചിരിക്കുന്നത്.
ഷട്ടർ അടച്ച് സംഭരണിയിൽ വെള്ളം ഉയർത്തിയതോടെ മണ്ണിടിഞ്ഞ ഭാഗത്തുകൂടി സംഭരണിയിലെ വെള്ളം തുരങ്കത്തിലേക്ക് കനിഞ്ഞിറങ്ങുന്നത് മൺതിട്ടയെ കൂടുതൽ ദുർബലപ്പെടുത്തിയിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയ പഴശ്ശി ജനസേചന വിഭാഗം അധികൃതർ അടിയന്തിരമായി സുരക്ഷയ്ക്കുള്ള നടപടി സ്വീകരിക്കാൻ കെ എസ് ഇ ബിക്ക് നിർദ്ദേശം നൽക്കുകയായിരുന്നു. കെ എസ് ഇ ബി അധികൃതർ ഞായറാഴ്ച്ച സ്ഥലത്ത് പരിശോധന നടത്തുകയും ഉടൻ തന്നെ ഭിത്തി ബലപ്പെടുത്തുന്ന നടപടി ആരംഭിക്കുകയുമായിരുന്നു.
തുരങ്കത്തേയും ജലസംഭരണിയേയും വേർതിരിക്കുന്ന മൺതിട്ടയോട് ചേർന്ന 30 മീറ്റർ നീളത്തിൽ നാലുമീറ്റർ പൊക്കത്തിൽ കരിങ്കലുകൾ കൂട്ടിയിട്ട് ഭിത്തി നിർമ്മിക്കുകയാണ് ചെയ്യുന്നത്. രണ്ട് ദിവസം കൊണ്ട് തന്നെ ഈ പ്രവർത്തി പൂർത്തിയാക്കും. പഴശ്ശി സാഗർ പദ്ധതിയുടെ തുരങ്കത്തിനായി കൂറ്റൻ കരിങ്കൽ പാറ പൊട്ടിച്ചു നീക്കിയ കല്ലുകളാണ് ഇതിനായി ഉപയോഗിക്കുുന്നത്.
പഴശ്ശി പദ്ധതിയുടെ ഷട്ടർ അടച്ച് റിസർവേയർ ലെവലിൽ വെള്ളം നിർത്തിയതോടെ ഉണ്ടായ വെള്ളത്തിന്റെ സമ്മർദ്ദമാണ് മണ്ണിടിച്ചലിന് കാരണമായിരിക്കുന്നത്. ഈ ഭാഗത്ത് സംഭരണിയിൽ നിന്നും തുരങ്കത്തിലേക്കുള്ള ചോർച്ച ഓരോ നിമിഷവും കൂടിക്കൂടി വരുന്നത് മൂലം മൺഭിത്തി ദുർബലമായിവരുന്ന അവസ്ഥയാണ് ഉണ്ടായത്. കൂടുതൽ മണ്ണിടിച്ചൽ ഉണ്ടായാൽ ഈ ഭിത്തി തകരുകയും അത് അണക്കെട്ടിനെ സാരമായി ബാധിക്കാനും ഇടവരും. സംഭരണയിലെ വെള്ളം പ്രധാന തുരങ്കത്തിലൂടെ ജലവൈദ്യുത പദ്ധതിയുടെ മറ്റ് മൂന്ന് ചെറിയ തുരങ്കം വഴി വളപട്ടണം പുഴയിലേക്ക് ഒഴുകാനുള്ള സാധ്യതയും ഏറും. ഇത് പദ്ധതിയെ ആശ്രയിക്കുന്ന ജില്ലയിലെ കുടിവെള്ള വിതരണത്തേയും പ്രതിസന്ധിയിലാക്കും. സംഭരണിയിൽ ഇപ്പോൾ 26.50മീറ്റർ വെള്ളമാണ് ഉള്ളത്. പദ്ധതിയുടെ ഫുൾ റിസർവേയർ ലെവൽ 26.52മീറ്ററാണ്. പരമാവധി സംഭരണ ശേഷിയിൽ നിർത്താതെ അധികമായി എത്തുന്ന വെളളം പദ്ധതിയുടെ ഷട്ടർ തുറന്ന് വളപട്ടണം പുഴയിലേക്ക് ഒഴുക്കി വിടുകയാണ്.
ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ പദ്ധതിയുടെ നിർമ്മാണം നാലു മാസമായി നിലച്ച നിലയിലാണ്. ഇപ്പോൾ ഒരു നിർമ്മാണ പ്രവ്യത്തിയും നടക്കുന്നില്ല. നിർമ്മാണം ഏറ്റെടുത്ത തമിഴ്‌നാട് ആസ്ഥാനമായ ആർ എസ് ഡവലപ്പെഴ്‌സ് നിർമ്മാണം ഒഴിവാക്കിയതായി കാണിച്ച് വൈദ്യുതി ബോർഡിന് കത്തുനൽകിയിട്ടുണ്ട്. പുതിയ കരാറുകാരെ കണ്ടെത്തി നിർ്മ്മാണം കൈമാറുമ്പോഴെക്കും കറഞ്ഞത് ആറുമാസമെങ്കിലും എടുക്കും. അപ്പോഴെക്കും കാലവർഷം ആരംഭിച്ചാൽ തുരങ്കത്തിൽ വെള്ളം നിറഞ്ഞ് നിർ്മ്മാണം നടത്താൻ കഴിയാത്ത അവസ്ഥ സംജാതമാവുകയും ചെയ്യും.

Related posts

വികസനത്തിന് തുരങ്കംവയ്‌ക്കുന്നവരെ ഒരുകൂട്ടം മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കുന്നു: മുഖ്യമന്ത്രി.

Aswathi Kottiyoor

മഴക്കെടുതി: 10 ല​ക്ഷം രൂ​പവ​രെ ദു​രി​താ​ശ്വാ​സ സഹായം

Aswathi Kottiyoor

നിപാ പ്രതിരോധം: സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചു; പരിശോധനയ്ക്കായി ഐസിഎംആറിന്റെ മൊബൈൽ ലാബും

Aswathi Kottiyoor
WordPress Image Lightbox