ലോക്ഡൗൺ കാലത്ത് ഏറെ ആവശ്യക്കാരുണ്ടായിരുന്ന വളർത്തു മൃഗങ്ങളുടെ വിൽപ്പനയിൽ കുറവു വന്നതായി പെറ്റ് ഷോപ്പ് ഉടമകൾ. കോവിഡ് കാലത്തെ മാനസിക സമ്മർദവും എകാന്തതയും മറികടക്കാൻ വളർത്തുമൃഗ പരിപാലനത്തിലേക്ക് പലരും തിരിഞ്ഞതോടെ ഈ മേഖലയിൽ വൻ തോതിൽ വ്യാപാരം നടന്നിരുന്നു. ലോക്ഡൗൺ കാലത്ത് വരുമാനമുണ്ടാക്കാൻ ഓമന മൃഗങ്ങളെ വളർത്തി വിൽപ്പന നടത്തിയവർ ഏറെയാണ്. പെറ്റ് ഷോപ്പുകളുടെയും എണ്ണം കൂടിയിരുന്നു.
ഗപ്പി, മോളി, ഗോൾഡ് ഫിഷ് എന്നിവയാണ് അലങ്കാര മത്സ്യങ്ങളിൽ ഏറെ വിറ്റുപോയത്. ഇതുകൂടാതെ പൂച്ചകളും നായ്ക്കുട്ടികളും നന്നായിത്തന്നെ വിറ്റുപോയി. പൂച്ചകളിൽ പേർഷ്യൻ, സിയമീസ് എന്നീ ഇനങ്ങളും നായ്ക്കുട്ടികളിൽ പോമറേനിയൻ, ഡാഷ്, ലാബ്രഡോർ എന്നീയിനങ്ങൾക്കുമാണ് കൂടുതൽ വിപണിയുണ്ടായിരുന്നത്. ലോക്ഡൗൺ കാലത്ത് മോഹവിലയ്ക്കു വിറ്റുപോയ പല വളർത്തുമൃഗങ്ങൾക്കും വിപണി കണ്ടത്താൻ വിഷമിക്കുകയാണ് ഇപ്പോൾ കച്ചവടക്കാർ.
കുട്ടികളുടെ മൊബൈൽ ഫോൺ അമിതോപയോഗം കുറയ്ക്കാനും അവരിൽ ഉന്മേഷവും ഉത്സാഹവും വർധിപ്പിക്കാനും വളര്‍ത്തുമൃഗങ്ങൾക്കു കഴിയും. എന്നാല്‍ സ്കൂളുകളും കോളജുകളും തുറന്നതോടെ കുട്ടികള്‍ ബിസിയായി. അവർക്ക് ഓമനമൃഗ പരിചരണത്തിന് സമയമില്ലാതായതോടെ വില്‍പ്പന കുറയുകയായിരുന്നു.
അരുമ മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം കൂടിയതോടെ ഇവയ്ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.വ്യവസ്ഥകളും ചട്ടങ്ങളും ക്രോഡീകരിച്ച് ‘പെറ്റ് ഷോപ്പ് നിയമങ്ങള്‍’ എന്ന പേരില്‍ മൃഗസം രക്ഷണവകുപ്പ് കൈപ്പുസ്തകവും പുറത്തിറിക്കിയിരുന്നു.