അങ്ങാടിക്കടവ്: ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ് അങ്ങാടിക്കടവ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹവീട് നിർമിച്ചു നല്കി. നാലാമത്തെ സ്നേഹവീടാണ് എൻഎസ്എസ് യൂണിറ്റ് നിർമിച്ച് നല്കിയത്. ആവിലാ സദനിലെ ഫാ. റാപ്സൺ പീറ്ററിന്റെ നേതൃത്വത്തിലാണ് വീട് നിർമിക്കാനായി ആറ് സെന്റ് സ്ഥലം വാങ്ങിയത്. തുടർന്ന് വീട് നിർമിക്കാനുള്ള ശ്രമങ്ങൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കേക്ക് ചലഞ്ച്, പായസ ചലഞ്ച് തുടങ്ങി വിവിധ മാർഗങ്ങളിലൂടെ ആറു ലക്ഷം രൂപയോളം വിദ്യാർഥികൾ സമാഹരിച്ചു. ഒന്നര ലക്ഷം രൂപയോളം അധ്യാപകരും അമ്പതിനായിരം രൂപയോളം മാനേജ്മെന്റും നൽകി. അങ്ങനെ ആറ് സെന്റ് സ്ഥലത്ത് 600 സ്ക്വയർ ഫീറ്റിൽ ഒരുക്കിയ വീട്ടിൽ രണ്ട് ബെഡ് റൂമുകൾ അടുക്കള, വർക്ക് ഏരിയ, സിറ്റ് ഔട്ട് എന്നിവയുള്ള വീടും റെഡിയായി.
മൂന്ന് വർഷങ്ങളിലായുള്ള മുന്നൂറോളം എൻഎസ്എസ് വോളണ്ടിയർമാരെയും 1400 ഓളം വരുന്ന കുട്ടികളെയുംകൂട്ടി ഫെബ്രുവരി 13 ന് ആരംഭിച്ച പരിശ്രമങ്ങൾ ഏഴു മാസങ്ങൾക്കകം പൂർത്തിയാക്കി.
കോളജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പേരാവൂർ എംഎൽഎ സണ്ണി ജോസഫ് താക്കോൽദാനം നിർവഹിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം ഡോ. രാഖി ജോസഫ്, ഡി എസ്എസ് ഡോ. നഫീസ ബേബി, കോളജ് പ്രിൻസിപ്പൽ റവ.ഡോ. ഫ്രാൻസിസ് കാരക്കാട്ട്, മാനേജർ റവ.ഡോ. ബാസ്റ്റിൻ നെല്ലിശേരി എന്നിവർ പ്രസംഗിച്ചു.