24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വർക്ക് നിയർ ഹോം പദ്ധതി ഒഴിവാക്കി അനുവദിച്ച 3 കോടി വകമാറ്റി.
Kerala

വർക്ക് നിയർ ഹോം പദ്ധതി ഒഴിവാക്കി അനുവദിച്ച 3 കോടി വകമാറ്റി.

ഐടി സ്ഥാപനങ്ങളിലെയും മറ്റും ജീവനക്കാർക്ക് വീടിനു സമീപം ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന ‘വർക്ക് നിയർ ഹോം’ എന്ന അഭിമാന പദ്ധതി സർക്കാർ ഉപേക്ഷിച്ചു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരത്തെ ടെക്നോപാർക്കിന് അനുവദിച്ച 3.05 കോടി രൂപ വകമാറ്റി ടെക്നോപാർക്ക് വളപ്പിൽ സംരക്ഷണഭിത്തി കെട്ടാൻ സർക്കാർ അനുമതി നൽകി. ഇതിനു പുറമേ കൊച്ചിയിലെ ഇൻഫോപാർക്കിനും കോഴിക്കോട്ടെ സൈബർ പാർക്കിനും ഓരോ കോടി രൂപ അനുവദിച്ചിരുന്നു. ഇതും മുന്നോട്ടുപോയിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഒന്നാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റിൽ സ്വപ്നപദ്ധതിയായി അവതരിപ്പിച്ചതായിരുന്നു വർക്ക് നിയർ ഹോം. പദ്ധതിയെക്കുറിച്ച് അന്നത്തെ ധനമന്ത്രി ടി.എം.തോമസ് ഐസക്കും ഏറെ പ്രതീക്ഷയോടെയാണ് ബജറ്റിനു ശേഷം വിശദീകരിച്ചത്. എന്നാൽ, മാറിയ സാഹചര്യത്തിൽ പദ്ധതി നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണു രണ്ടാം പിണറായി സർക്കാരിന്റെ വിലയിരുത്തൽ. ടെക്നോപാർക്ക് ഭരണസമിതിയും വർക്ക് നിയർ ഹോം പദ്ധതിയുമായി മുന്നോട്ടു പോകേണ്ടെന്നു തീരുമാനിക്കുകയും പണം വകമാറ്റി ചെലവിടാൻ സർക്കാരിനോട് അനുവാദം തേടുകയും ചെയ്തു.

കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ഐടി കമ്പനികൾ വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്കു മാറിയതോടെയാണ് വർക്ക് നിയർ ഹോം പദ്ധതിയുമായി സർ‌ക്കാർ രംഗത്തെത്തിയത്. ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിടങ്ങൾ വാടകയ്ക്കെടുത്ത് വർക്ക് നിയർ ഹോം സെന്ററുകൾ ആരംഭിക്കാനായിരുന്നു പദ്ധതി. ഇവിടെ കംപ്യൂട്ടർ, ഇന്റർനെറ്റ്, കഫേ, ഇരിപ്പിടം, എയർകണ്ടിഷൻ, മീറ്റിങ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാനും ലക്ഷ്യമിട്ടു. വീട്ടിൽ ഇൗ സൗകര്യങ്ങൾ ഇല്ലാത്തവർ വർക്ക് നിയർ ഹോം സെന്ററുകളിലെത്തി വാടക നൽകി ഉപയോഗിക്കാനും നിർദേശിച്ചു. വരുമാനം സർക്കാരും സംരംഭകനും ചേർന്നു പങ്കുവയ്ക്കാനും ഉദ്ദേശിച്ചിരുന്നു.

എന്നാൽ, ജീവനക്കാർക്ക് കംപ്യൂട്ടറും ഇന്റർനെറ്റ് കണക്ടിവിറ്റിയും അടക്കമുള്ള സൗകര്യങ്ങൾ ഐടി കമ്പനികൾ തന്നെ ഒരുക്കുന്നതിനാൽ വർക്ക് നിയർ ഹോം പദ്ധതിക്ക് ഇനി പ്രസക്തിയില്ലെന്നാണു സർക്കാർ നിലപാട്. ഇതാണ് പദ്ധതി വേണ്ടെന്നു വയ്ക്കുന്നതിനുള്ള മുഖ്യ കാരണം. അതേസമയം, വർക്ക് നിയർ ഹോം പോലുള്ള സൗകര്യങ്ങൾ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുക്കാൻ സ്വകാര്യ സ്ഥാപനങ്ങൾ രംഗത്തു വന്നിട്ടുണ്ട്. നിലവിലുള്ള സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ ഉപയോഗിക്കാൻ വലിയ തിരക്കുമാണ്.

Related posts

ഇൻസുലിൻ, ഇനി ‘തണുപ്പില്ലാതെ’;’വില പകുതിയോളം കുറയ്ക്കാമെന്നു പ്രതീക്ഷ’.

Aswathi Kottiyoor

വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

മുൻഗണനാ കാർഡുകളുടെ വിതരണം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox