പാലുകാച്ചിപ്പാറയിൽ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറുന്നു. മലയും പാറക്കെട്ടുകളും ചേർന്ന അപൂർവ ദൃശ്യ വിരുന്നാണ് പുരളിമലയുടെ ഭാഗമായ പാലുകാച്ചിപ്പാറയിലുള്ളത്. സമുദ്ര നിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലുള്ള പാറയുടെ സൗന്ദര്യം കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ആളുകൾ എത്തുന്നുണ്ട്. കോടമഞ്ഞ് വർധിച്ചതോടെ പുലർച്ചെ മുതൽ സന്ധ്യ മയങ്ങും വരെ നൂറുക്കണക്കിനാളുകൾ ഇവിടെയെത്തുന്നു. മാലൂർ പഞ്ചായത്തിലെ പാലുകാച്ചിപ്പാറയുടെ മുകളിലെത്തിയാൽ വിദൂര കാഴ്ചകൾ വിസ്മയകരമാണ്. പഴശ്ശിരാജാവിന്റെ ഒളിപ്പോർ സങ്കേതമായിരുന്ന പുരളിമലയുടെ ഭാഗമാണ് പാലുകാച്ചിപ്പാറ.