കണ്ണൂർ സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. നിയമനം യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമനത്തിന് അധികാരം ചാൻസലർക്കെന്ന ഗവർണറുടെ നിലപാട് ഡിവിഷൻ ബെഞ്ച് ശരിവച്ചു.
രജിസ്ട്രാർ ഇൻ ചാർജ് ഉത്തരവിറക്കിയത് ചട്ടവിരുദ്ധമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നിയമനം ചോദ്യം ചെയ്തുള്ള ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഹർജിയിൽ സംസ്ഥാന സർക്കാരിനും ചാൻസലർക്കും സർവകലാശാലയ്ക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ചാൻസലർക്ക് ലഭിച്ച നോട്ടീസിലാണ് ഈ നടപടി ചട്ടവിരുദ്ധമാണെന്നും സർവകലാശാലകളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം ചാൻസലർക്കാണെന്നും നിയമനം ചട്ടവിരുദ്ധമാണെന്നും ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു. ഗവർണറുടെ ഈ നിലപാടാണ് ഹൈക്കോടതി അംഗീകരിച്ചത്.