ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരം എന്ന നിലയിൽ മേഖലയിലെ കാട് മൂടിയ പ്രദേശങ്ങൾ വെട്ടിത്തെളിക്കാനുള്ള പ്രവർത്തി ആരംഭിച്ചു. ആദിവാസി പുനരധിവാസ മിഷൻ ഫണ്ട് ഉപയോഗിച്ച് കുടുംബശ്രീ യൂണിറ്റുകളാണ് കാട് തെളിക്കുന്നത്. ഇതിനായി എട്ട് അംഗങ്ങൾ അടങ്ങിയ കുടുംബശ്രീ യൂണിറ്റിന് പരിശീലനവും കാട് വെട്ട് യന്ത്രവും നൽകിയിരുന്നു. മണിക്കൂറിന് 250 രൂപ നിരക്കിൽ ഒരാൾ ആറ് മണിക്കൂർ ജോലിയെടുക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക. ഒരു മാസം നീണ്ടു നില്ക്കുന്ന കാട് തെളിക്കലിന് 3.60 ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തിൽ അനുവദിക്കുക. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ പുനരധിവാസ മേഖലയിലെ റോഡുകളും പൊതു വഴികളും വ്യത്തിയാക്കും. രണ്ടാം ഘട്ടം എന്ന നിലയിൽ സ്വകര്യ വ്യക്തികളുടെ പറമ്പിലെ കാട് വെട്ടിതെളിക്കും.
ഫാം പുനരധിവാസ മേഖലയിൽ ഭൂമി ലഭിച്ച കുടുംബങ്ങിൽ പകുതിയിലധികം പേർമാത്രമാണ് ഇപ്പോൾ സ്ഥിരതാമസക്കാരായിട്ടുള്ളു. അവശേഷിക്കുന്നവരുടെ ഭൂമി കാട് കയറി കിടക്കുകയാണ്. വർഷങ്ങളായി കാട്ട് വെട്ടിതെളിക്കാത്ത ഏക്കർ കണക്കിന് ഭൂമിയിലാണ് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ താവളം. വയനാട് ജില്ലയിൽ നിന്നുള്ളവർക്ക് ലഭിച്ച ഭൂമിയിൽ മൂന്നിലൊന്ന് പേർ താമസം തുടങ്ങിയിട്ടില്ല. ഇവിടങ്ങളിൽ എല്ലാം ഒരാൾ പൊക്കത്തിൽ പൊന്തക്കാടുകൾ വളർന്നു നില്ക്കുകയാണ്. ഇവ വെട്ടിതെളിക്കണമെന്ന് വർഷങ്ങളായുള്ള ആവശ്യം നടപ്പാക്കതെ പോവുകയായിരുന്നു.
കാട് വെട്ടിതെളിക്കലിന്റെ ഉദ്ഘാടനം ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് നിർവ്വഹിച്ചു. വാർഡ് അംഗം മിനി ദിനേശൻ അധ്യക്ഷത വഹിച്ചു. ആദിവാസി പുനരധിവാസ മിഷൻ സൈറ്റ് മാനേജർ പി.പി. ഗിരീഷ് പദ്ധതി വിശദീകരിച്ചു. വൈസ്. പ്രസിഡന്റ് ജെസിമോൾ, കുടുംബശ്രീ കോഡിനേറ്റർ ജിൻസ് എന്നിവർ സംസാരിച്ചു.