സംസ്ഥാനത്തെ റസ്റ്റ് ഹൗസുകൾ പ്രഫഷണൽ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതിനായി റസ്റ്റ് ഹൗസ് ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ പരിശീലനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ആവശ്യമായിടത്തു കൂടുതൽ ജീവനക്കാരെ നിയമിക്കും. ശുചിത്വം ഉൾപ്പെടെ ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണം ഒരുക്കും. റസ്റ്റ് ഹൗസുകളെ മികച്ച ഹോസ്പിറ്റാലിറ്റി ശൃംഖലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. റസ്റ്റ് ഹൗസ് ജീവനക്കാർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
റസ്റ്റ് ഹൗസുകൾ നവീകരിക്കാനുള്ള പദ്ധതി സമയബന്ധിതമായി നടപ്പാക്കും. കൂടുതൽ റസ്റ്റ് ഹൗസുകളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും. റസ്റ്റ് ഹൗസുകളിൽ കേന്ദ്രീകൃത സിസിടിവി സംവിധാനമൊരുക്കും. എല്ലാ റസ്റ്റ് ഹൗസുകളേയും ബന്ധിപ്പിച്ച് തിരുവനന്തപുരത്തു നിന്നു നിരീക്ഷിക്കാനാകുന്ന സംവിധാനവും നിലവിൽ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.