ടൂറിസം കേന്ദ്രങ്ങളിൽ നിലവിലുള്ള പോലീസിനുപുറമേ സഞ്ചാരികളുടെ സുരക്ഷയ്ക്ക് പോലീസ് നേതൃത്വത്തിൽ യുവാക്കളുടെ സേനയെ സജ്ജമാക്കും. കോവളത്ത് പോലീസിൽനിന്ന് വിദേശിക്കുണ്ടായ അനുഭവം കണക്കിലെടുത്ത് പുതിയ സേനയെ ഒരുക്കാനാണ് ടൂറിസം വകുപ്പിന്റെ പദ്ധതി.
കോളേജ് ടൂറിസം ക്ലബ്ബുകളിലെ അംഗങ്ങളെയും യുവജനക്ഷേമ ബോർഡു വഴി കണ്ടെത്തുന്നവരെയുമാണ് വൊളന്റിയർമാരാക്കുകയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. അടുത്തിടെ നടന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റ് പരാതി ഇല്ലാതെ ഭംഗിയായാണ് നടന്നതെന്നു മന്ത്രി പറഞ്ഞു. വിനോദസഞ്ചാരമേഖല പിടിച്ചുകയറാൻ ശ്രമിക്കുമ്പോൾ പോലീസിന്റെ വിരുദ്ധ സമീപനം പാടില്ല- മന്ത്രി പറഞ്ഞു.
സസ്പന്‍ഷനിലായ എസ്.ഐ. മുഖ്യമന്ത്രിയെ സമീപിച്ചു
തിരുവനന്തപുരം: കോവളത്ത് സ്വീഡിഷ് സ്വദേശി സ്റ്റീഫന്‍ ആസ്ബര്‍ഗിനോട് അവഹേളനപരമായി പെരുമാറിയിട്ടില്ലെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കാണിച്ച് സസ്‌പെന്‍ഷനിലായ ഗ്രേഡ് എസ്.ഐ. ടി.സി. ഷാജി മുഖ്യമന്ത്രിക്കു പരാതിനല്‍കി. തെറ്റിദ്ധാരണമൂലമുള്ള നടപടിയാണ് തനിക്കുനേരെ ഉണ്ടായതെന്നു പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ മുഖേന നല്‍കിയ പരാതിയില്‍ പറയുന്നു.
സ്‌കൂട്ടറില്‍വന്ന വിദേശിയോട് മദ്യം ഒഴുക്കിക്കളയാന്‍ പറഞ്ഞിട്ടില്ല. ബില്‍ വാങ്ങാന്‍ മറന്നുപോയെന്നു ആസ്ബര്‍ഗ് പറഞ്ഞപ്പോള്‍ വാങ്ങിവെക്കേണ്ടതായിരുന്നില്ലേയെന്നു ചോദിക്കുകമാത്രമാണ് ചെയ്തത്. പുതുവത്സരത്തലേന്നു കോവളത്ത് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷാ ക്രമീകരണങ്ങളും വിശദീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കു പുറമേ ഡി.ജി.പിക്കും ഷാജിപരാതി നല്‍കി.
ശനിയാഴ്ചയാണ് ഷാജിയെ സസ്‌പെന്‍ഡ് ചെയ്തതും എസ്.ഐ. എസ്. അനീഷ്‌കുമാര്‍, സീനിയര്‍ സി.പി.ഒ. സജിത്, സി.പി.ഒ. മനേഷ് എന്നിവര്‍ക്കെതിരേ അന്വേഷണത്തിനു നിര്‍ദേശിച്ചതും.
ഹോം സ്റ്റേ നടത്തിപ്പ്: വിദേശി പോലീസ് സഹായം തേടി
ഹോം സ്റ്റേ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കംതീര്‍ക്കാര്‍ ആസ്ബര്‍ഗ് പോലീസിന്റെ സഹായം തേടി. ഞായറാഴ്ച ഫോര്‍ട്ട് എ.സി.പി. എസ്. ഷാജിയെ കണ്ടാണ് സഹായം അഭ്യര്‍ഥിച്ചത്. 2018-ല്‍ 1.65 കോടി രൂപയ്ക്കാണ് വെള്ളാര്‍ വട്ടപ്പാറ ക്വാറിക്ക് സമീപം ഒമ്പതു സെന്റ് സ്ഥലംവാങ്ങി ഹോം സ്റ്റേ തുടങ്ങിയത്. ഉടമയുടെ കുടുംബാംഗങ്ങളുമായി തര്‍ക്കമുണ്ട്. വാങ്ങിയ സ്ഥലത്തില്‍നിന്ന് രണ്ടുസെന്റും ഏഴുലക്ഷം രൂപയും ആവശ്യപ്പെട്ടാണ് തര്‍ക്കമെന്നാണ് വിദേശി പോലീസിനോട് പറഞ്ഞത്. നിയമപരമായി ഇടപെടാനാവുമെങ്കില്‍ സഹായിക്കാമെന്നും ഇല്ലെങ്കില്‍ കോടതിയെ സമീപിക്കാനും പോലീസ് നിര്‍ദേശിച്ചു.