കോവിഡിന് എതിരേയുള്ള കുട്ടികളുടെ വാക്സിനേഷൻ ഇന്നു തുടങ്ങും. 15നും18നും ഇടയിൽ പ്രായക്കാരായ കുട്ടികളാണ് വാക്സിനേഷന് വിധേയരാവുക. വാക്സിനേഷൻ നടപടികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഞായറാഴ്ച സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു.
ഭാരത് ബയോടെക്കിന്റെ കോവാക്സിനാണു നൽകുന്നതെന്ന് ഉറപ്പു വരുത്തണമെന്നു കേന്ദ്ര ആരോഗ്യ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്കായി പ്രത്യേകം വാക്സിൻ കേന്ദ്രങ്ങൾ സജ്ജീകരിക്കണം. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ പുരോഗതിയും യോഗം അവലോകനം ചെയ്തു.
കോവിഡിനെതിരേയുള്ള പോരാട്ടം തന്നെ ഒമിക്രോണിനെതിരേയും നടത്തണമെന്നു കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താൻ കേന്ദ്ര ഫണ്ടുകൾ സംസ്ഥാനങ്ങൾ വിനിയോഗിക്കണം. കോ-വിൻ ഉപയോഗിക്കുന്ന ഗുണഭോക്താക്കളുടെ ജില്ല തിരിച്ചുള്ള കണക്കെടുപ്പിലൂടെ വാക്സിൻ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.