രാത്രി പത്തിനു ശേഷം ഇനി യാത്രകൾ വേണ്ട. അത്യാവശ്യ യാത്രകൾ മാത്രം മതി.
പുതുവർഷത്തെ വീട്ടിലിരുന്നും വരവേൽക്കാം. ഒമിക്രോണ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ രാത്രി കർഫ്യൂവിന് ഇന്നലെ രാത്രിയിൽ തുടക്കമായി. കർശനമായ പരിശോധനയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
പോലീസ് മുന്നറിയിപ്പ്
നിയന്ത്രണങ്ങൾ പാലിക്കാതെയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും പുതുവത്സരാഘോഷങ്ങൾ നടത്തിയാൽ അകത്തു പോകുമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്. ഇന്നലെ രാത്രി മുതൽ നിയന്ത്രണങ്ങൾ നടപ്പാക്കി തുടങ്ങിയതോടെ സുരക്ഷാ ക്രമീകരണങ്ങൾക്കായി നിരവധി പോലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിയാക്കായി നിയോഗിച്ചിരിക്കുന്നത്.
പകൽ, രാത്രി വ്യത്യാസമില്ലാതെ പോലീസിന്റെ പരിശോധനാ സംഘം റോഡിലുണ്ടാകും. രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെയുള്ള രാത്രികാല യാത്ര നിയന്ത്രണം നിലവിൽ വന്നതോടെ ഈ സമയങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്കു പുറത്തിറങ്ങുന്നവർ സ്വയംസാക്ഷ്യപത്രം കരുതണം.
എല്ലായിടത്തും ഇന്നലെ രാത്രി 10നു തന്നെ കടകൾ അടച്ചു. നിയന്ത്രണ സമയത്തു പുറത്തിറങ്ങിയവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ടൗണുകളിൽ പോലീസ് പരിശോധന കർശനമാക്കിയിരുന്നു.അനുമതിയില്ലാതെ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതിനോ പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിനോ പടക്കം പൊട്ടിക്കുന്നതിനോ അനുവാദമില്ല.
മദ്യപിച്ചാൽ പണിയാവും
പുതുവത്സരാഘോഷത്തോടനുബന്ധിച്ചു ഇന്നു രാത്രിയിൽ മദ്യപിച്ചു വാഹനമോടിക്കുന്നവർക്കെതിരെയും കർശന നടപടികളാണ് സ്വീകരിക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തുന്നതിനായി വാഹന പരിശോധന ഉൗർജിതമാക്കിയിട്ടുണ്ട്. മദ്യവില്പന ശാലകൾ നിയമപ്രകാരമുള്ള സമയപരിധിയിൽ മാത്രമേ പ്രവർത്തിക്കുന്നുള്ളുവെന്നും പോലീസ് ഉറപ്പാക്കും.
പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നവരെയും സ്ത്രീകളെയും കുട്ടികളേയും ശല്യം ചെയ്യുന്നവരെയും പിടികൂടുന്നതിനായി വനിത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ മഫ്തിയിലും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ലഹരിപദാർഥങ്ങളുടെ വിപണനവും ഉപയോഗവും തടയുന്നതിനും നടപടികൾ എടുക്കുന്നതിനുമായി ലഹരി വിരുദ്ധ സ്ക്വാഡും രംഗത്തുണ്ട്.
നിരീക്ഷണത്തിൽ
ക്രിസ്മസ് തലേന്നു മുതൽ ആഘോഷങ്ങളിലും ഡിജെ പാർട്ടികളിലും ലഹരി ഉപയോഗം നടക്കുമെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം പോലീസ് നടത്തിവരികയാണ്. കുമരകവും വാഗമണ്ണും ലഹരി മാഫിയായുടെ ഹോട്ട് സ്പോട്ടുകൾ എന്നു കണ്ടെത്തിയതിനെത്തുടർന്നു ഇവിടങ്ങളിലെ ഹോട്ടലുകളും റിസോട്ടുകളും ഹോം സ്റ്റേകളും പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്.
വാഹനങ്ങളുടെ അമിതവേഗം ഒഴിവാക്കാനായി കാമറകളുടെ സഹായത്തോടെ വാഹനപരിശോധനയ ഇന്റർസെപ്റ്റർ വെഹിക്കിൾ ഉപയോഗിച്ചുള്ള വാഹന പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്.
മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുവേണ്ട നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.