പൊതുമരാമത്തു വകുപ്പിലെ ഉദ്യോഗസ്ഥർ ഓഫിസുകളിൽ ഫയലുകൾക്കിടയിൽ മാത്രം കഴിയാതെ ഫീൽഡിൽ നേരിട്ടിറങ്ങണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വകുപ്പിന്റെ നിയമസംഹിതയിലും ഇതു വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടാണു റോഡ് വിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാർ, അസിസ്റ്റന്റ് എൻജിനീയർമാർ എന്നിവരെ അവരുടെ പരിധിയിൽ വരുന്ന റോഡുകളുടെ പ്രവർത്തന പുരോഗതി നേരിട്ടു സന്ദർശിക്കാൻ ചുമതലപ്പെടുത്തിയത്. റോഡ് നിർമാണത്തിലും പരിപാലനത്തിലും ഇതു വലിയ മുന്നേറ്റം സൃഷ്ടിക്കും.
സന്ദർശനം നടത്തുമ്പോൾ ഓരോ പദ്ധതിയുടെയും ചിത്രങ്ങളും വിഡിയോയും സഹിതമാണു വകുപ്പു സെക്രട്ടറിക്കും അതു വഴി മന്ത്രിക്കും റിപ്പോർട്ട് നൽകേണ്ടത്. ഈ സംവിധാനം ജനുവരിയിൽ നിലവിൽ വരും. ഓരോ നിയമസഭാ മണ്ഡലത്തിലെയും പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിക്കുന്നതു സുതാര്യത ഉറപ്പാക്കാനാണ്. പ്രവൃത്തികളുടെ പുരോഗതി മന്ത്രി ഉൾപ്പെടെ പിഡബ്ല്യുഡി മിഷൻ ടീം വിലയിരുത്തുന്ന ‘ആക്സിലറേറ്റ് പിഡബ്ല്യുഡി’യിൽ പ്രധാന പദ്ധതികളുടെ പുരോഗതി മന്ത്രി നേരിട്ടാണു വിലയിരുത്തുന്നത്.
സാങ്കേതിക അനുമതി നൽകുന്നതിൽ താമസം വരുന്നതു പദ്ധതിയെ ബാധിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതു പരിഹരിക്കാൻ എൻജിനീയർമാരുടെ സാങ്കേതിക അനുമതി പരിധി ഉയർത്തി നൽകും. സൂപ്രണ്ടിങ് എൻജിനീയർക്ക് 5 കോടി രൂപയുടെയും എക്സിക്യൂട്ടീവ് എൻജിനീയർക്ക് 2 കോടി രൂപയുടെയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് 50 ലക്ഷം രൂപയുടെയും പ്രവൃത്തികൾക്ക് ഇനി മുതൽ സാങ്കേതികാനുമതി നൽകാനാകും. പ്രതികൂല കാലാവസ്ഥ പണികൾക്കു തടസ്സമാകുന്നതു മറികടക്കാനാണു വർക്കിങ് കലണ്ടർ തയാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.