കേരളത്തിലെ 14 വിദ്യാഭ്യാസ ഡപ്യൂട്ടീ ഡയറക്ടറേറ്റുകളിലേയും എല്ലാ ഡി ഇ ഒ,എ ഇ ഒ ആഫീസുകളിലേയും സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ രക്ഷകർത്താക്കളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിൻ്റെ ഭാഗമായി ഓഫീസുകളിലെ കാര്യക്ഷമമായ ടെലിഫോൺ സംവിധാനത്തിൻ്റെ ഉദ്ഘാടനം വിവിധ എംഎൽഎമാർ, രാഷ്‌ട്രീയ പ്രമുഖർ, തദ്ദേശ സ്വയംഭരണ മേധാവികൾ തുടങ്ങിയവർ വ്യാഴാഴ്‌ച നിർവ്വഹിക്കും. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം (രാവിലെ 9.30ന് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം വിദ്യാഭ്യാസ ഡപ്യൂട്ടീ ഡയക്‌ടറേറ്റിൽ നിർവ്വഹിക്കും .സംസ്ഥാനത്തെ പ്രൈമറി, സെക്കൻ്ററി, ഹയർ സെക്കൻ്ററി സ്‌കൂളുകളിലെ കാര്യക്ഷമമായ ടെലിഫോൺ സംവിധാനത്തിൻ്റെ ഉദ്ഘാടനം ജനുവരി 15ന് മുൻപ് പൂർത്തിയാക്കി നിലവിലെ ടെലിഫോൺ നമ്പരുകൾ വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്ധ്യോഗിക വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഫോൺ സംവിധാനം കാര്യക്ഷമമാക്കുന്നതിന് നേരത്തെ വകുപ്പ് ഉത്തരവിറക്കിയിരുന്നു. കാര്യങ്ങൾ അറിയാൻ സ്ഥാപനങ്ങളിലേക്ക് വിളിക്കാൻ പല ഓഫീസുകൾക്കും ഫോൺ നമ്പർ ഇല്ല എന്ന പരാതിയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശ പ്രകാരം നടത്തിയ പരിശോധനയെ തുടർന്നാണ് ഉത്തരവിറക്കിയത്.