26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വാളയാര്‍ കേസ്: പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത‌ത് തന്നെയെന്ന് സിബിഐ
Kerala

വാളയാര്‍ കേസ്: പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത‌ത് തന്നെയെന്ന് സിബിഐ

വാളയാറിലെ ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന്‌ സിബിഐയും. നിരന്തരമുണ്ടായ അതിക്രൂര പീഡനമാണ്‌ ആത്മഹത്യക്ക്‌ കാരണമെന്ന്‌ വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ തിരുവനന്തപുരം യൂണിറ്റ്‌ ഡിവൈഎസ്‌പി അനന്തകൃഷ്‌ണൻ പാലക്കാട്‌ പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഏറെ വിവാദമായ കേസിൽ പൊലീസ്‌ അന്വേഷണം ശരിവയ്‌ക്കുന്നതാണ്‌ സിബിഐ കണ്ടെത്തൽ.

പൊലീസ്‌ പ്രതിചേർത്തവരാണ്‌ സിബിഐ പ്രതികളും. പാമ്പാംപള്ളം കല്ലങ്കാട്‌ വി മധു, പാമ്പാംപള്ളം കല്ലങ്കാട്‌ എം മധു, ഇടുക്കി രാജാക്കാട്‌ നാലു തൈക്കൽ വീട്ടിൽ ഷിബു, പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ്‌ സിബിഐ കുറ്റപത്രത്തിൽ പ്രതികൾ. മൂത്ത കുട്ടിയുടെ മരണത്തിൽ വി മധു, എം മധു, ഷിബു എന്നിവരും രണ്ടാമത്തെ കുട്ടിയുടെ മരണത്തിൽ വി മധു, പ്രായപൂർത്തിയാകാത്തയാൾ എന്നിവരുമാണ്‌ പ്രതികൾ. അതിക്രമിച്ച്‌ കയറി ബലാത്സംഗം, പോക്‌സോ, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ്‌ ഇവർക്കെതിരെ ചുമത്തിയത്‌. ഷിബുവിനെതിരെ എസ്‌സി/എസ്‌ടി വിഭാഗത്തിനെതിരായ അതിക്രമം തടയൽ വകുപ്പും ചുമത്തി. പ്രായപൂർത്തിയാകാത്തയാൾക്കെതിരെ നിലവിലുള്ള പൊലീസ്‌ കുറ്റപത്രം തുടരണമെന്നും സിബിഐ വ്യക്തമാക്കി.

2017 ജനുവരി പതിമൂന്നിനാണ്‌ വാളയാർ അട്ടപ്പള്ളത്ത് പതിമൂന്നുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്‌. മാർച്ച്‌ നാലിന്‌ ഒമ്പതുകാരിയായ അനിയത്തിയും ഇതേവീട്ടിൽ തൂങ്ങിമരിച്ചു. സംഭവത്തിൽ ഒട്ടേറെ സംശയങ്ങളുയർന്നു. പൊലീസ്‌ അന്വേഷണത്തിൽ മരണം ആത്മഹത്യയാണെന്നും ക്രൂരമായ പീഡനമാണ്‌ കാരണമെന്നും കണ്ടെത്തി. അഞ്ച്‌ പേരെ അറസ്‌റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്തയാൾക്കെതിരെ ജുവനൈൽ കോടതിയിലും നാല്‌ പേർക്കെതിരെ പാലക്കാട്‌ പോക്‌സോ കോടതിയിലും കുറ്റപത്രം നൽകി. എന്നാൽ, പ്രതികളെ കോടതി വെറുതെ വിട്ടു. ഒരു പ്രതി ആത്മഹത്യയും ചെയ്‌തു.
പ്രതികളെ വെറുതെ വിടാൻ കാരണം പൊലീസിനും പ്രോസിക്യൂഷനുമുണ്ടായ വീഴ്‌ചയാണെന്ന്‌ ആരോപണം ഉയർന്നു. തുടർന്ന്‌, സർക്കാർ പുനരന്വേഷണവും പുനർവിചാരണയും ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചു. ഇതിനിടെ ഹൈക്കോടതി 2021 ഏപ്രിൽ ഒന്നിന്‌ കേസ്‌ സിബിഐക്ക്‌ വിട്ടു. ഒമ്പതുകാരിക്ക് വീടിന്റെ ഉത്തരത്തിൽ തൂങ്ങാനാകില്ലെന്ന സംശയത്തെ തുടർന്ന്‌ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഡമ്മി പരീക്ഷണം നടത്തിയിരുന്നു. നൂറുപേരെ ചോദ്യം ചെയ്‌തു. രേഖകളടക്കം 125 ശാസ്‌ത്രീയ തെളിവും ശേഖരിച്ചു.
അന്വേഷണം ശരിയല്ലെന്ന്‌ പെൺകുട്ടികളുടെ അമ്മ
സിബിഐ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. ജില്ലാ പോക്‌സോ കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചതിന്‌ പിന്നാലെ പാലക്കാട്‌ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അ വർ. പൊലീസ് അന്വേഷണത്തിലെ തെറ്റ് സിബിഐ ആവർത്തിക്കുന്നു. ആവശ്യമെങ്കിൽ ഹൈ ക്കോടതിയെ സമീപിക്കും. സമരസമിതിയുമായി ബന്ധപ്പെട്ട് തുടർ സമരത്തെക്കുറിച്ച് ആലോചിക്കുമെന്നും അവർ പറഞ്ഞു.

വാളയാർ പെൺകുട്ടികൾ നേരിട്ടത്‌ ക്രൂരപീഡനം
ആത്മഹത്യയെന്ന്‌ സിബിഐയും കണ്ടെത്തിയ വാളയാർ പെൺകുട്ടികൾ നേരിട്ടത്‌ അതിക്രൂരമായ ലൈംഗികപീഡനം. നിരന്തര പീഡനം രണ്ട്‌ കുട്ടികളെയും ആത്മഹത്യയിലേക്ക്‌ നയിക്കുകയായിരുന്നു. പീഡനത്തിന്റെ ക്രൂരത സിബിഐ കുറ്റപത്രത്തിൽ വിവരിച്ചു. സഹോദരിയുടെ ആത്മഹത്യ രണ്ടാമത്തെ കുട്ടിയെ മാനസികമായി ഏറെ തളർത്തി. കുട്ടികളുടെ കുടുംബ പശ്ചാത്തലവും കുറ്റപത്രത്തിൽ വിവരിക്കുന്നുണ്ടെങ്കിലും കുടുംബാംഗങ്ങളെ ആരെയും കുറ്റപ്പെടുത്തുന്നില്ല.

കേസിൽ സിബിഐ നടത്തിയ ഡമ്മി പരീക്ഷണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേസിൽ തുടക്കംമുതൽ ശക്തമായ നിലപാടാണ്‌ സർക്കാർ സ്വീകരിച്ചത്. ആദ്യം അന്വേഷണത്തിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ്‌ ചെയ്‌തു. പ്രതികളെ വെറുതെവിട്ടപ്പോൾ പുനരന്വേഷണവും പുനർവിചാരണയും ആവശ്യപ്പെട്ട്‌ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പൊലീസ് വീഴ്ചയുണ്ടായെന്ന ആരോപണത്തിനു പിന്നാലെ പരിശോധിക്കാൻ റിട്ട. ജില്ലാ ജഡ്ജി പി കെ ഹനീഫയെ കമീഷനായി സംസ്ഥാന സർക്കാർ നിയമിച്ചു. സർക്കാരിന്റെ ഹർജിയിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പുനർവിചാരണയ്‌ക്കും പുനരന്വേഷണത്തിനും വിചാരണ കോടതിയെ സമീപിക്കാനും ഉത്തരവിട്ടു. അതിനിടെയാണ്‌ ഹൈക്കോടതി സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.

Related posts

കേരളത്തില്‍ കുറുവാ സംഘം എന്ന് സംശയിക്കുന്ന കവര്‍ച്ചാസംഘം എത്തിയതായി വിവരം:പോലീസ് സ്റ്റേഷനുകള്‍ക്ക് അടിയന്തര നിര്‍ദ്ദേശം

Aswathi Kottiyoor

മരുന്നിനു പോലുമില്ല’ ഗുണനിലവാരം; സർക്കാർ ആശുപത്രികളിലെ മരുന്നുകൾ പരിശോധനയിൽ പരാജയപ്പെടുന്നു

Aswathi Kottiyoor

പ്ലസ് വൺ പ്രവേശനം ; പുതിയ ബാച്ചുകൾ അനുവദിക്കും

Aswathi Kottiyoor
WordPress Image Lightbox