കുട്ടികൾക്കുള്ള വാക്‌സിന് അനുമതിയായാൽ മുഴുവൻ പേർക്കും ഉടൻ കുത്തിവെയ്‌പിന് സംസ്ഥാനം ഒരുക്കം. സർക്കാർമേഖലയിൽ 25 ലക്ഷം ഡോസ് കോവിഡ് വാക്സിൻ നിലവിൽ സ്‌റ്റോക്കുണ്ട്.
15-–-18 പ്രായപരിധിയിൽ 15 ലക്ഷം കുട്ടികളാണുള്ളത്. ഇവർക്കുള്ള ആദ്യ ഡോസ് മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്. കോവാക്സിനാണ് ആദ്യഘട്ടം കുട്ടികൾക്ക് നൽകുന്നത്. കുട്ടികളുടെ ആരോഗ്യനിലകൂടി ഉറപ്പുവരുത്തിയാകും വിതരണം. ജനുവരി മൂന്നുമുതൽ കുട്ടികൾക്കുള്ള വിതരണം ആരംഭിക്കും. മറ്റുള്ളവർ എത്രയുംവേഗം വാക്സിൻ എടുക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പതിനെട്ടിനു മുകളിൽ പ്രായമുള്ള 2,60,80,285 (97.64 ശതമാനം) പേർ ആദ്യ ഡോസും 2,06,06,253 (79.01 ശതമാനം) പേർ രണ്ടാം ഡോസുമെടുത്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുവരെ 1,48,679 ഡോസ് വാക്സിൻ വിതരണം ചെയ്തു. ആകെ 4,66,86,538 ഡോസ് വിതരണം ചെയ്തിട്ടുണ്ട്.