ഒമിക്രോണ്‍ സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 30 മുതൽ ജനുവരി രണ്ടുവരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണമുണ്ടാകും. രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയാകും നിയന്ത്രണമുണ്ടാകുക.
വ്യാപര സ്ഥാപനങ്ങളെല്ലാം ഈ നാല് ദിവസങ്ങളിലും രാത്രി 10ന് അടയ്ക്കണം. ആളുകൾ കൂട്ടം കൂടുന്നതിനും ആഘോഷങ്ങൾക്കും നിയന്ത്രണമുണ്ടാകും. അനാവശ്യ യാത്രകൾ അനുവദിക്കില്ല. രാത്രികാല പട്രോളിംഗ് ശക്തമാക്കാനും നിയന്ത്രണം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാനും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
നേരത്തെ സംസ്ഥാനത്തെ ആഡംബര ഹോട്ടലുകളിൽ പുതുവർഷത്തോടനുബന്ധിച്ച് നടത്തുന്ന ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചിരുന്നു. വലിയ തോതിൽ ലഹരിമരുന്ന് ഉപയോഗം നടക്കുമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. രാത്രി പത്തിന് ശേഷം പാർട്ടികളും അനുവദിക്കില്ല.