24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • തിര തീരം വിഴുങ്ങിയ സുനാമി ദുരന്തത്തിന് പതിനേഴ് .
Kerala

തിര തീരം വിഴുങ്ങിയ സുനാമി ദുരന്തത്തിന് പതിനേഴ് .

2004 ഡിസംബര്‍ 26ന് ഓര്‍ക്കാപ്പുറത്താണ് കടല്‍ കമിഴ്ത്തിയൊഴിച്ചപോലെ തിര തീരം വിഴുങ്ങിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6.29ന് ഇന്‍ഡൊനീഷ്യയിലെ സുമാത്ര ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 9.1 തീവ്രതയില്‍ ഭൂമി കുലുങ്ങി. അടിച്ചുയര്‍ന്ന തിരമാലകള്‍ കൊണ്ടുപോയത് രണ്ടേമുക്കാല്‍ ലക്ഷം ജീവന്‍. അടിച്ചൊഴുക്കിക്കളഞ്ഞത് ഒരായുസ്സിന്റെ അധ്വാനവും സമ്പാദ്യവും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തിരയിളക്കം അതിന്റെ പ്രഭവസ്ഥാനത്തു നിന്ന് 1600 കി.മീ. അകലെ ശ്രീലങ്കയിലും ഇങ്ങ് കേരളത്തില്‍ വരെയുമെത്തി. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ ജില്ലകളുടെ തീരങ്ങളെയും തിര നക്കിയെടുത്തു.

ക്രിസ്മസ് രാത്രിയിലെ ആഘോഷം കഴിഞ്ഞ് ഉറക്കമുണര്‍ന്നപ്പോള്‍ അന്ന് കടലിന് എന്തോ പന്തികേട് ഉള്ളതുപോലെയാണ് പലര്‍ക്കും തോന്നിയത്. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കടല്‍ കരയിലേക്ക് തള്ളിക്കയറി. കൊല്ലം, ആലപ്പുഴ കടപ്പുറങ്ങളിലെ വീടുകളെ തിരമാല വിഴുങ്ങി. അധികം സമയം വേണ്ടിവന്നില്ല നൂറിലേറെ പേരെ കടല്‍ കൊണ്ടുപോയി. പതിനാല് രാജ്യങ്ങളിലെ 2,30,000 പേരെ കൊന്നൊടുക്കിയ സുനാമി ദുരന്തത്തിന് പതിനേഴ് വയസ്സ്.

അമേരിക്കന്‍ ജിയോളജിക്കള്‍ സര്‍വേയുടെ കണക്ക് പ്രകാരം ഹിരോഷിമയില്‍ പ്രയോഗിച്ച പോലുള്ള 23,000 അണുബോംബുകള്‍ പൊട്ടിയാലുണ്ടാകുന്നത്ര ഊര്‍ജമാണ് ഭൂചലനത്തെ തുടര്‍ന്ന് പുറത്തുവന്നത്. ചിലസ്ഥലങ്ങളില്‍ സുനാമി തിരകള്‍ തീരത്തോടടുത്തപ്പോള്‍ 30 അടിവരെ ഉയരമുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ 30 മീറ്റര്‍ വരെ ഉയരത്തില്‍ പൊങ്ങിയ തിരമാലകള്‍ അന്ന് സര്‍വതും തച്ചുതകര്‍ത്തു. 2004 ഡിസംബര്‍ പുലര്‍ച്ചെ 6.28ന് ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന് സമീപമുണ്ടായ സമുദ്ര ഭൂകമ്പത്തെത്തുടര്‍ന്നാണ് സുനാമികള്‍ ഉണ്ടായത്. വടക്കന്‍ സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്തുനിന്ന് 160 കിലോമീറ്റര്‍ മാറിയാണ് റിക്ടര്‍ സ്‌കെയിലില്‍ 9.1 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്.

ഇവിടെ ഭ്രംശ മേഖലയില്‍ ഇന്ത്യന്‍ ഭൂഫലകം ബര്‍മാ ഫലകത്തിനടിയിലേക്ക് തള്ളിക്കയറി. 1300 കിലോമീറ്റര്‍ നീളംവരുന്ന പ്രദേശത്ത് ഭൂമിയുടെ അടിത്തട്ട് 15 മുതല്‍ 20 മീറ്റര്‍ വരെ ഉയര്‍ന്നുപൊങ്ങി. ഈ പ്രദേശത്തുനിന്ന് തള്ളിയ വെള്ളമാണ് വന്‍ തിരമാലകളായി എല്ലാ ഭാഗത്തേക്കും വ്യാപിച്ചത്. ഭൂകമ്പവും സുനാമിയുംമൂലം ഇന്‍ഡൊനീഷ്യയിലാണ് കനത്ത നാശമുണ്ടായത്. ശ്രീലങ്ക, ഇന്ത്യ, തായ്ലന്‍ഡ് എന്നിവിടങ്ങളിലും വന്‍ നാശനഷ്ടമുണ്ടായി. ഇന്‍ഡൊനീഷ്യയില്‍ 167799 പേരാണ് മരിച്ചത്. 37063 പേരെ കാണാതായി. ശ്രീലങ്കയില്‍ 35322 പേരും ഇന്ത്യയില്‍ 18045 പേരും മരിച്ചു. തമിഴ്നാട്ടില്‍ നാഗപട്ടണം, കന്യാകുമാരി ഭാഗങ്ങളിലാണ് കൂടുതല്‍ ജീവഹാനിയുണ്ടായത്. നാഗപട്ടണം ജില്ലയില്‍ 5000 പേര്‍ മരിച്ചു.

ആഴമേറിയ സമുദ്രത്തില്‍ സുനാമികളെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. ചെറിയ ഉയരമേ തിരമാലകള്‍ക്ക് ഉണ്ടാകു. കരയിലെത്തുമ്പോഴാണ് ഇവ ഉയര്‍ന്നുപൊങ്ങുന്നത്. മണിക്കൂറില്‍ 500-1000 കിലോമീറ്ററാണ് ഇതിന്റെ സഞ്ചാരം. എ.ഡി. 1300ലും 1450ലും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഉണ്ടായതായി രേഖകളുണ്ട്. ഇന്ത്യ, ഓസ്ട്രേലിയ, ബര്‍മ ഭൂഫലകങ്ങള്‍ ചേരുന്ന സ്ഥലമാണ് സുമാത്ര. ഇത് ഭൂകമ്പമേഖലയാണ്. നീങ്ങിക്കൊണ്ടിരിക്കുന്ന ബര്‍മ ഭൂഫലകത്തിലാണ് അന്തമാന്‍ നിക്കോബാര്‍ ദ്വീപും സുമാത്രയും. ഇവിടെ ഇനിയും ഭൂകമ്പങ്ങള്‍ പ്രതീക്ഷിക്കാം. റിക്ടര്‍ സെ്കയിലില്‍ 7.2ന് മുകളില്‍ തീവ്രതയുള്ള ഭൂസമുദ്ര ഭൂകമ്പത്തില്‍ സുനാമി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നായിരുന്നു ശാസ്ത്രത്തിന്റെ ആദ്യകാല നിഗമനങ്ങള്‍. എന്നാല്‍ ഇതില്‍ വേണ്ടത്ര ഗവേഷണങ്ങള്‍ ഉണ്ടായില്ല. മാത്രമല്ല സുനാമി നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല.

ശാന്തസമുദ്രത്തിന്റെ ചുറ്റമുള്ള പ്രദേശങ്ങള്‍ ഭൂകമ്പമേഖലയാണ്. ഇവിടങ്ങളില്‍ ഭൂകമ്പവും സുനാമിയും സാധാരണമാണ്. ഭൂകമ്പങ്ങളും സുനാമിയെയും അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇവിടെ കെട്ടിടങ്ങള്‍ പണിയുന്നത്. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇത്തരത്തിലൊരു മുന്‍കരുതല്‍ ഉണ്ടാകുന്നില്ല.

2004ലെ സുനാമി ദുരന്തത്തിനുശേഷം ഇന്ത്യന്‍ മഹാസമുദ്രത്തിന് ചുറ്റുമുള്ള രാജ്യങ്ങള്‍ ചേര്‍ന്ന് സുനാമി നിരീക്ഷണ ശൃംഖല ഉണ്ടാക്കിയിട്ടുണ്ട്. യുനസ്‌കോയുടെ ഇന്റര്‍ ഗവണ്മെന്റല്‍ കോഓര്‍ഡിനേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണിത്. എല്ലാ രാജ്യങ്ങളിലേയും സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങള്‍ കൂട്ടിയിണക്കിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

ഭൗമശാസ്ത്രമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിന് (INcois) കീഴിലാണ് ഇന്ത്യയിലെ നിരീക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഈ സ്ഥാപനം സമുദ്രത്തിന്റെ ടൈഡ് ഗേജുകളും ബോയും സ്ഥാപിച്ച് ഉപഗ്രഹസഹായത്താലാണ് നിരീക്ഷണം നടത്തുന്നത്. സമുദ്ര ഭൂകമ്പമുണ്ടായാല്‍ സ്ഥാപനം സുനാമി മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ മുന്നറിയിപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നുണ്ട്.ഭൂകമ്പ പ്രഭവകേന്ദ്രത്തില്‍ നിന്ന് സുനാമി ഉണ്ടായാല്‍ അത് സഞ്ചരിച്ച് കരയിലെത്തുന്നത് പല സമയത്താണ്. ഈ സമയത്തിനുള്ളില്‍ തീരദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ കഴിയും. അത് ചെയ്യേണ്ടത് സംസ്ഥാനങ്ങള്‍ക്ക് കീഴിലുള്ള ദുരന്തനിവാരണ സമിതികളാണ്.

സുമാത്രയില്‍ രാവിലെ 6.28ന് ഭൂകമ്പമുണ്ടായി മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് ഇത് ഇന്ത്യന്‍ തീരത്തെ ആക്രമിച്ചത്. കേരളത്തില്‍ സുനാമി ആഞ്ഞടിച്ചപ്പോള്‍ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. ഭൂകമ്പം ഉണ്ടായി സുനാമി മുന്നറിയിപ്പ് കിട്ടുമ്പോള്‍ തന്നെ ജനങ്ങളെ സുരക്ഷിത സ്ഥാാനങ്ങളിലേക്ക് മാറ്റാന്‍ കഴിഞ്ഞാല്‍ ജീവഹാനിയും നാശനഷ്ടവും കുറയ്ക്കാന്‍ കഴിയും.

Related posts

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; യുകെയില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി; മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇങ്ങനെ

Aswathi Kottiyoor

ഓൺലൈൻ പഠനത്തിന്‌ 
ജനകീയ യജ്ഞം ; ത്രിതല പദ്ധതി പരിഗണനയിൽ.

Aswathi Kottiyoor

ഉമ്മൻചാണ്ടിയുടെ കാറിന്‌ നേരെ കല്ലേറ്‌: മൂന്ന്‌ പേർക്ക്‌ ശിക്ഷ, 110 പേരെ വെറുതെ വിട്ടു

Aswathi Kottiyoor
WordPress Image Lightbox