കണ്ണൂർ: സ്ത്രീകളും കുട്ടികളുമുൾപ്പെടെ വഴിയാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ പൊതുനിരത്തുകളിൽ ആരംഭിച്ച വഴിയോര പൊതുശൗചാലയങ്ങളുടെ നിർമാണം പാതിവഴിയിൽ. നവകേരള കർമപദ്ധതിയുടെ ഭാഗമായിട്ടാണ് സർക്കാർ പൊതുശൗചാലയ സമുച്ചയങ്ങളും വഴിയോര വിശ്രമ കേന്ദ്രങ്ങളും നിർമിക്കാൻ തീരുമാനിച്ചത്. ഈ സാന്പത്തികവർഷം 1942 ആധുനിക ശൗചാലയങ്ങൾ നിർമിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 500 ൽ താഴെ മാത്രമാണ് പൂർത്തിയായത്. 500 ശൗചാലയങ്ങളുടെ നിർമാണം പുരോഗമിക്കുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിക്കാത്തതാണ് പദ്ധതി നടപ്പിലാക്കാൻ തടസമെന്നാണു പറയുന്നത്.
ദേശീയ-സംസ്ഥാന പാതയോരങ്ങളിലും ജനബാഹുല്യമുള്ള മേഖലകളിലും പൊതുശൗചാലയങ്ങളില്ലാത്തതിനാൽ സ്ത്രീകൾ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാനാണ് വഴിയോരങ്ങളിൽ പൊതുശൗചാലയം നിർമിക്കാൻ തുടങ്ങിയത്. ഏതുസമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കുന്ന രീതിയിൽ ആധുനിക സംവിധാനങ്ങളടങ്ങുന്നതാണ് ശുചിമുറിസമുച്ചയങ്ങൾ. കൂടാതെ കോഫിഷോപ്പുകളോടുകൂടിയ ഉന്നതനിലവാരമുള്ള വിശ്രമകേന്ദ്രങ്ങളും സ്ഥാപിക്കും. ഇത് രാത്രിയിൽ യാത്ര ചെയ്യുന്നവർക്ക് വലിയ ഉപകാരമാകും.
പാതയോരത്ത് പൊതുശൗചാലയം ഇല്ലാത്തതുമൂലം ദീർഘദൂരയാത്രക്കാരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാനാണ് പൊതുശൗചാലയം നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാനമൊട്ടാകെ 12,000 ജോഡി പൊതുശൗചാലയങ്ങൾ നിർമിക്കാനാണ് 2020 ഫെബ്രുവരിയിൽ സംസ്ഥാനസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. സാനിറ്ററി നാപ്കിൻ ഡിസ്ട്രോയർ, അജൈവ മാലിന്യസംഭരണ സംവിധാനങ്ങൾ, അണുനാശിനികൾ എന്നിവ സജ്ജീകരിച്ച ആധുനികരീതിയിലുള്ള ശൗചാലയങ്ങളാണ് നിർമിക്കുന്നത്. കുടുംബശ്രീ പ്രവർത്തകർക്കാണ് ഇതിന്റെ ചുമതല.