22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • പഴശ്ശി കനാലിൽ 29ന്‌ വെള്ളം തുറന്നുവിടും
Kerala

പഴശ്ശി കനാലിൽ 29ന്‌ വെള്ളം തുറന്നുവിടും

പഴശ്ശി പദ്ധതിയുടെ മുഖ്യകനാലുകളിലൂടെ വെള്ളമൊഴുക്കാനുള്ള ട്രയൽ റൺ 29ന്‌. പരീക്ഷണാർഥം മുഖ്യകനാൽവഴി അഞ്ചുകിലോമീറ്റർ വെള്ളം ഒഴുക്കാനുള്ള ഒരുക്കം പൂർത്തിയായി. ട്രയൽ റൺ വിജയകരാമായാൽ പുതുവർഷത്തിൽ ജലസേചനത്തിനായി വെള്ളം തുറന്നുവിടും.
ജില്ലയെ കാർഷികസമൃദ്ധിയിലേക്ക് നയിക്കാൻ നാല് പതിറ്റാണ്ടുമുമ്പ്‌ ആരംഭിച്ചതാണ്‌ വെളിയമ്പ്രയിലെ പഴശ്ശി ജലസേചന പദ്ധതി. 13 വർഷത്തിനുശേഷമാണ്‌ കൃഷിയിടങ്ങളിലേക്ക്‌ വെള്ളമൊഴുക്കുന്നത്‌. 2012-ലെ പ്രളയത്തിൽ തകർന്നുപോയ കനാലുകൾ ആറുകോടിയോളം മുടക്കി അറ്റകുറ്റപ്പണി നടത്തിയിരുന്നു.
കൃഷിയിടങ്ങളിൽ വരും വേനൽകാലം മുഴുവൻ വെള്ളമെത്തിക്കാനാണ്‌ ശ്രമം. ഇത്തവണ അഞ്ചുകിലോമീറ്റർ പരിധിയിൽ കൃഷിയിടങ്ങൾ നനക്കാനാവും. വരുംവർഷം മുഖ്യ കനാൽവഴി 16 കിലോമീറ്റർ ദൂരപരിധിയിൽ വെള്ളം നൽകാനാകുമെന്നാണ്‌ പ്രതീക്ഷ. രണ്ടുവർഷത്തിനകം 46 കിലോമീറ്റർ അകലെ മാഹിവരെ വെള്ളമെത്തിക്കാനും പഴശ്ശി ജലസേചനവിഭാഗം രൂപരേഖ തയ്യാറാക്കി. ഇതിനൊപ്പം ആന്തൂർ നഗരസഭാ പരിധിയിലെ പറശ്ശിനി നീർപ്പാലംവരെയുള്ള കനാൽ വഴിയും രണ്ടുകൊല്ലത്തിനകം വെള്ളമെത്തിക്കാനാണ്‌ പദ്ധതി നവീകരിക്കുന്നത്‌.
1979-ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി രാഷ്ട്രത്തിന് സമർപ്പിച്ച പദ്ധതി ഇതേവരെ ജലസേചന ലക്ഷ്യം കൈവരിച്ചില്ല. ജില്ലയിലെ മൂന്നിലൊരുഭാഗം വരുന്ന കൃഷിയിടങ്ങൾ ലക്ഷ്യമാക്കി തുടങ്ങിയ പദ്ധതിയിൽ 46 കിലോമീറ്റർ മുഖ്യകനാലും 350 കിലോമീറ്റർ കൈക്കനാലും പ്രാരംഭ ഘട്ടത്തിൽ നിർമിച്ചു. തുടക്കത്തിൽ ഇതിലൂടെ വെള്ളമൊഴുക്കാൻ സാധിച്ചു. പത്തുവർഷത്തിനകം കനാൽ ചോർച്ച തുടങ്ങി. പഴശ്ശി ഷട്ടറും പണിമുടക്കിയതോടെ കനാലിലേക്ക് ഒഴുക്കേണ്ട വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കി.
ആറുമാസം കനാൽവഴി ജലസേചനത്തിനുള്ള വെളളം എത്തിക്കുന്നത്‌ രണ്ടോ മൂന്നോ മാസത്തിലേക്ക് ചുരുങ്ങി. ചോർച്ച രൂക്ഷമായതോടെ ഡാമിൽനിന്ന്‌ വെള്ളം പമ്പ് ചെയ്ത് കനാലിൽ ഒഴുക്കുന്ന അവസ്ഥയായി. വെള്ളം ഒഴുകാതായ കൈകനാലുകൾ കൈയേറ്റത്തിനിരയായി. കനാലുകൾ റോഡുകളായും നടവഴികളായും രൂപാന്തരപ്പെട്ടു. പഴശ്ശി കനാൽ സ്ഥലം അന്യാധീനപ്പെടുന്ന അവസ്ഥയായി. 2008-ലാണ്‌ അവസാനമായി കനാൽ വഴി ജലസേചന ആവശ്യാർഥം പഴശ്ശിയിൽനിന്ന്‌ വെള്ളം ഒഴുക്കിയത്‌.

Related posts

റോഡ് പരിശോധനക്ക് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥിരം സംവിധാനം: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

മൂലം ജലോത്സവം ഇന്ന്; ചമ്പക്കുളത്താരവം.

Aswathi Kottiyoor
WordPress Image Lightbox