ആലപ്പുഴയിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് കൂടുതൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സമൂഹ മാധ്യമങ്ങളിലെ വ്യാജ പോസ്റ്റുകളും വിദ്വേഷം പരത്തുന്ന സന്ദേശങ്ങളും നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പൊലീസ് നീക്കം.
വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിരവധി സന്ദേശങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും പ്രത്യേക നിർദേശം നൽകി. ഇത്തരം ചർച്ചകൾക്ക് അനുവാദം നൽകുന്ന വാട്സാപ്, ടെലഗ്രാം, ഫെയ്സ്ബുക് ഗ്രൂപ്പുകളിലെ അഡ്മിൻമാരെയും കേസിൽ പ്രതിയാക്കും. സമൂഹമാധ്യമങ്ങളിൽ നിരന്തരം നിരീക്ഷണം നടത്താൻ എല്ലാ ജില്ലകളിലേയും സൈബർ വിഭാഗത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
മതസ്പർധ വളർത്തുന്നതും സമൂഹത്തിൽ ചേരിതിരിവുണ്ടാക്കുന്നതുമായ തരത്തിലുളള സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നവരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. നിർദേശങ്ങൾ നടപ്പിലാക്കിയതു സംബന്ധിച്ച് ക്രമസമാധാനവിഭാഗം എഡിജിപിയും മേഖലാ ഐജിമാരും എല്ലാ ആഴ്ചയും റിപ്പോർട്ട് നൽകണമെന്നും ഡിജിപി നിർദ്ദേശിച്ചു.