സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി”മെഡിസെപി’ന് മന്ത്രിസഭയുടെ അംഗീകാരം. ജനുവരിഒന്നു മുതൽ പദ്ധതി തത്വത്തിൽ ആരംഭിക്കും.
ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച കേസ് നിലവിലുള്ളതിനാൽ കോടതിയുടെ അന്തിമവിധി അനുസരിച്ചാകും പദ്ധതി പൂർണമായി പ്രാബല്യത്തിൽ വരിക.
പദ്ധതിയിൽ അംഗങ്ങളായി നിശ്ചയിച്ചിരിക്കുന്ന എല്ലാ ജീവനക്കാർക്കും (അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർ ഒഴികെ) പെൻഷൻകാർക്കും അംഗത്വം നിർബന്ധമാണ്.
നിലവിലുള്ള രോഗങ്ങൾക്കുൾപ്പെടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചികിത്സകൾക്ക് പണരഹിത ചികിത്സ നൽകും. സംസ്ഥാന സർക്കാർ ജീവനക്കാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, പാർട്ട് ടൈം അധ്യാപകർ, എയ്ഡഡ് സ്കൂളുകളിൽ ഉൾപ്പെടെയുള്ള അധ്യാപക- അനധ്യാപക ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും അവരുടെ ആശ്രിതരും നിർബന്ധിതാടിസ്ഥാനത്തിൽ പദ്ധതിയിലെ അംഗങ്ങളാണ്. ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ ഇൻഷ്വറൻസ് പ്രീമിയം 500 രൂപയായിരിക്കും.
സംസ്ഥാന സർക്കാരിനു കീഴിൽ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐച്ഛികാടിസ്ഥാനത്തിലും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. മുൻ എംഎൽഎമാരെക്കൂടി പദ്ധതിയുടെ ഭാഗമാക്കാൻ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി.
പരിരക്ഷ എംപാനൽ ചെയ്യപ്പെട്ട പൊതു-സ്വകാര്യ ആശുപത്രികളിൽ മാത്രം
തിരുവനന്തപുരം: എംപാനൽ ചെയ്യപ്പെട്ട പൊതു-സ്വകാര്യ ആശുപത്രികളിൽ മാത്രമേ മെഡിസെപ് പദ്ധതി പ്രകാരമുള്ള പരിരക്ഷ ലഭിക്കുകയുള്ളൂ. എന്നാൽ, ജീവനു ഭീഷണിയോ അപകടമോ ഉള്ള അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യപ്പെടാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും പരിരക്ഷ ലഭിക്കും.
ഒപി വിഭാഗ ചികിത്സകൾ പദ്ധതിയിൽ ഉൾപ്പെടുന്നില്ല. അതിനാൽ കേരള ഗവണ്മെന്റ് സെർവന്റ് മെഡിക്കൽ അറ്റൻഡന്റ് ചട്ടങ്ങൾക്കു വിധേയരായ എല്ലാ സർക്കാർ ജീവനക്കാർക്കും എല്ലാ സർക്കാർ ആശുപത്രികളിലെയും തിരുവനന്തപുരം ആർസിസി, ശ്രീചിത്ര, മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ സെന്റർ ഉൾപ്പെടെയുള്ള എല്ലാ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളിലെയും ഒപി ചികിത്സയ്ക്ക് നിലവിലുള്ള മെഡിക്കൽ റി-ഇന്പേഴ്സ്മെന്റ് സന്പ്രദായം തുടരും.