പെൺകുട്ടികളുടെ വിവാഹപ്രായം ഇരുപത്തൊന്നായി ഉയർത്താൻ ബിജെപി സർക്കാർ കൊണ്ടുവരുന്ന ബില്ലിനെ പിന്തുണയ്‌ക്കില്ലെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ വ്യക്തമാക്കി. കേന്ദ്ര സർക്കാർ മുന്നോട്ടുവയ്‌ക്കുന്ന ന്യായീകരണങ്ങൾ വിശ്വാസയോഗ്യമല്ല. ബിൽ പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണം.
18–-ാം വയസ്സ് പൂർത്തിയായവരെ പ്രായപൂർത്തിയായില്ലെന്ന നിലയിൽ പരിഗണിക്കുന്നത് പരസ്‌പരവിരുദ്ധമാണ്. ഒരാൾക്കുള്ള അവകാശത്തിന്റെ ലംഘനവുമാണ്. സ്വന്തം ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ഇത്തരമൊരു നിയമപരിഷ്‌കാരം സ്‌ത്രീകൾക്ക് വിലങ്ങുതടിയാകും. നിലവിൽ വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 18 വയസ്സാണ്. സ്‌ത്രീകളുടെ ശരാശരി വിവാഹപ്രായം 2017ൽ 22.1 വയസ്സാണെന്നതിനാൽ നിയമം അനാവശ്യമാണ്.സർക്കാർ അവകാശപ്പെടുന്നതുപോലെ ആരോഗ്യകാരണങ്ങൾ മുൻനിർത്തിയാണ് ബില്ലെങ്കിൽ മാതൃ–- ശിശുമരണം തടയാൻ പോഷകാഹാരവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുകയാണ് വേണ്ടത്–- പിബി വ്യക്തമാക്കി.
ലഖിംപുർ : കേന്ദ്രമന്ത്രിയെ
പുറത്താക്കണം
യുപി ലഖിംപുർ ഖേരിയിലെ കർഷക കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽനിന്ന് അടിയന്തരമായി പുറത്താക്കണമെന്ന് പിബി ആവശ്യപ്പെട്ടു. കർഷകരെ കൊലപ്പെടുത്തിയതിൽ ആസൂത്രിത ഗൂഢാലോചയുണ്ടെന്നാണ് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷക സംഘം എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടുള്ളത്. മുഖ്യപ്രതി മന്ത്രി അജയ് മിശ്രയുടെ മകനാണ്. വലിയ ജനരോഷമുയർന്നിട്ടും മന്ത്രിയെ പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മടിക്കുകയാണ്–- പിബി ചൂണ്ടിക്കാട്ടി.