അനെർട്ടിന്റെ പിന്തുണയിൽ ഇനി വീട്ടിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാം. സബ്സിഡിയോടെ ഗ്രിഡ് ബന്ധിത സൗരോർജനിലയം സ്ഥാപിക്കുന്ന ‘സൗരതേജസ്സ്’ പദ്ധതിയിലാണ് ഇത്.
പത്ത് കിലോവാട്ടുവരെ ശേഷിയുള്ള നിലയത്തിനാണ് സബ്സിഡി. മൂന്ന് കിലോവാട്ടുവരെ ശേഷിയുള്ളതിന് കേന്ദ്ര നവ പുനരുപയോഗ ഊര്‍ജമന്ത്രാലയം നിശ്ചയിച്ചിട്ടുള്ള അടിസ്ഥാനവിലയുടെ 40 ശതമാനം സബ്സിഡി ലഭിക്കും. മൂന്നുമുതൽ 10 കിലോവാട്ടുവരെയുള്ളതിന് ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനവും, തുടര്‍ന്ന് 20 ശതമാനം നിരക്കിലും ലഭിക്കും. ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികള്‍, ഫ്ലാറ്റുകള്‍, അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയ്‌ക്ക് പരമാവധി 500 കിലോവാട്ട് നിലയം സ്ഥാപിക്കാൻ 20 ശതമാനം സബ്സിഡി ലഭിക്കും. ഒരു കിലോവാട്ട് ശേഷിയുള്ള നിലയത്തിൽനിന്ന് ദിവസം ഏകദേശം നാല് യൂണിറ്റ് വൈദ്യുതി ലഭിക്കും. പ്രതിമാസ ഉപയോഗത്തിന് അനുസരിച്ച് എത്ര ശേഷിവേണമെന്ന് നിശ്ചയിക്കാം. മുടക്കിയ തുക നാലുമുതല്‍ ഏഴുവര്‍ഷത്തിനകം തിരികെ ലഭിക്കും. രണ്ടു മാസം 400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന വീട്ടിൽ ഏകദേശം 2200 രൂപയോളം വൈദ്യുതിബിൽ വരും. രണ്ട് കിലോവാട്ട് ഗ്രിഡ് ബന്ധിത നിലയം സ്ഥാപിച്ചാൽ ഏകദേശം 240 യൂണിറ്റ് വൈദ്യുതി പ്രതിമാസം ഉൽപ്പാദിപ്പിക്കാം.
ഇതുവഴി വൈദ്യുതിബിൽ ഏകദേശം 180 രൂപയായി കുറയ്‌ക്കാം. അധികം ഉൽപ്പാദിപ്പിച്ച വൈദ്യുതി കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് വിട്ട് വരുംമാസങ്ങളിൽ ഉപയോഗിക്കാനുമാകും. മിച്ചമുണ്ടെങ്കിൽ കെഎസ്‌ഇബിക്ക് നൽകിയാൽ നിശ്ചിത നിരക്കിലുള്ള തുക ലഭിക്കും. സാമ്പത്തികസഹായം ആവശ്യമുള്ളവർക്ക് എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി, യൂണിയൻ ബാങ്ക് എന്നിവിടങ്ങളിൽനിന്ന് അനെർട്ട് വായ്‌പ ലഭ്യമാക്കും. www.buymysun.com/SouraThejas വഴി ഉപയോക്താക്കൾക്ക് രജിസ്റ്റർ ചെയ്യാം. ഫോൺ: 1800 425 1803, 9188119419, 9188119431.