23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ പദ്ധതിയുമായി വ്യവസായ വകുപ്പ്
Kerala

പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ പദ്ധതിയുമായി വ്യവസായ വകുപ്പ്

405 പദ്ധതികൾ റിയാബിന്റെ മേൽനോട്ടത്തിൽ നടപ്പാക്കും
വ്യവസായ വകുപ്പിന് കീഴിലുള്ള 41 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാനും മത്‌സരക്ഷമമാക്കാനുമായി 405 പദ്ധതികൾ നടപ്പാക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ മാസ്റ്റർ പ്‌ളാനിന്റെ ഭാഗമായി തയ്യാറാക്കിയ പദ്ധതികളാണ് വ്യവസായ വകുപ്പ് നടപ്പാക്കുന്നത്. റിയാബിനാണ് മേൽനോട്ട ചുമതല. ഇതിന്റെ ഭാഗമായി റിയാബിനെയും പുനക്രമീകരിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
175 ഹ്രസ്വകാല പദ്ധതികളും 131 ഇടക്കാല പദ്ധതികളുമുണ്ട്. 99 എണ്ണം ദീർഘകാല പദ്ധതികളാണ്. ഏഴു വിഭാഗങ്ങളായി തിരിച്ചാണ് പദ്ധതികൾ നടപ്പാക്കുക. റിയാബ് പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി പ്രോജക്ട് മാനേജ്‌മെന്റ് സംവിധാനം കൊണ്ടുവരും. ഇതിനായി സാങ്കേതിക, ഭരണ, ധനകാര്യ, ആസൂത്രണ വിദഗ്ധർ അടങ്ങിയ പ്രത്യേക ടീമുകൾ ഉണ്ടാവും. കെ. എം. എം. എലിന്റെ മുൻ എം. ഡി കൂടിയായ റോയ് കുര്യനാണ് പദ്ധതിയുടെ ഏകോപന ചുമതല. പദ്ധതി നടപ്പാക്കുന്നതോടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലവിലെ പ്രതിവർഷ വരുമാനം 3321.37 കോടി രൂപയിൽ നിന്ന് 17538 കോടിയായി വർധിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിലെ 14000 തൊഴിലവസരത്തിന് പുറമെ 5500 പുതിയ തൊഴിലവസരം നേരിട്ട് സൃഷ്ടിക്കപ്പെടും. ആറ് മാസത്തിനുള്ളിൽ ഡിപിആർ തയ്യാറാക്കി ഹ്രസ്വകാല പദ്ധതികളുടെ പ്രവർത്തനം ആരംഭിക്കും.
പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വയംഭരണാധികാരം നൽകുന്നത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കുന്നതിനായി മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രസാദ് പണിക്കർ, ഹരികുമാർ എന്നിവരാണ് അംഗങ്ങൾ. റിപ്പോർട്ട് മൂന്നു മാസത്തിനകം ലഭിക്കും. മികച്ച പൊതുമേഖലാ സ്ഥാനങ്ങൾക്കും മികച്ച എം. ഡി, തൊഴിലാളി എന്നിവർക്കും അവാർഡുകൾ നൽകും. മാധ്യമ റിപ്പോർട്ടിംഗിനും അവാർഡ് നൽകും.
കെൽട്രോണിന്റെ ഇലക്‌ട്രോണിക്‌സ് ഹബ് പദ്ധതിയും ആവിഷ്‌കരിക്കും. പവർ ഇലക്‌ട്രോണിക്‌സ്, മെഡിക്കൽ ഇലക്‌ട്രോണിക്‌സ്, ഡിഫൻസ് ഇലക്‌ട്രോണിക്‌സ്, സ്‌പേസ് ഇലക്‌ട്രോണിക്‌സ്, സിറാമിക് ചിപ് കപ്പാസിറ്റർ തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് ഹബ് പ്രവർത്തിക്കുക. ഇലക്ട്രിക് വാഹന സോൺ രൂപീകരിക്കുന്നതിന് പ്രത്യേക മാസ്റ്റർ പ്‌ളാനും ആവിഷ്‌കരിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയിൽ കിൻഫ്രയുമായി ചേർന്ന് വ്യവസായ പാർക്കുകൾ വികസിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

Related posts

ആർദ്രം പദ്ധതി; 520 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

മാര്‍ച്ച് 26ന് ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍

Aswathi Kottiyoor

മൊ​ബൈ​ൽ റീ​ചാ​ർ​ജ്, ബി​ല്ല​ട​ക്ക​ൽ സൗ​ക​ര്യം ഇ​നി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും

Aswathi Kottiyoor
WordPress Image Lightbox