25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കൊച്ചി മെട്രോ: യാത്രക്കാർ കൂടി,ട്രെയിനുകൾ കൂട്ടുന്നു .
Kerala

കൊച്ചി മെട്രോ: യാത്രക്കാർ കൂടി,ട്രെയിനുകൾ കൂട്ടുന്നു .

കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഡിസംബറില്‍ സ്ഥിരമായ വര്‍ധന ഉണ്ടായതോടെ ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിച്ചു. പ്രതിദിന യാത്രക്കാരുടെ എണ്ണം 54,000 കടന്നു. 11ാം തിയതി ശനിയാഴ്ച മാത്രം 54,504 പേരാണ് യാത്രചെയ്തത്. കോവിഡ് ലോ‌ക്‌ഡൗണിനുശേഷം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ എറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഇത്.

നാലാം തിയതി യാത്രക്കാരുടെ എണ്ണം 50, 233 കടന്നിരുന്നു. കോവിഡും തുടര്‍ന്നുള്ള ലോക്‌ഡൗണിനുംശേഷം മെട്രോ സര്‍വീസ് പുനരാരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തില്‍ സ്ഥിരമായ വളര്‍ച്ചയാണ് ഉണ്ടാകുന്നത്. ആദ്യ ലോക്ഡൗണിനുശേഷം സര്‍വീസ് ആരംഭിച്ചപ്പോള്‍ പ്രതിദിനം 18361 പേരാണ് യാത്രചെയ്തിരുന്നതെങ്കില്‍ രണ്ടാം ലോക്ഡൗണിനുശേഷം അത് 26043 പേരായി വര്‍ധിച്ചു. നവംബറില്‍ അത് വീണ്ടും 41648 പേരായി ഉയര്‍ന്നു. ഡിസംബറായതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 54500 കടന്നു.

ഇതേത്തുടര്‍ന്ന് കൂടുതല്‍ സര്‍വീസ് നടത്താനായി ട്രയിനുകള്‍ക്കിടയിലെ സമയ ദൈര്‍ഘ്യം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കുറയ്ക്കുകയാണ്. തിരക്കുള്ള സമയങ്ങളില്‍ ഏഴ് മിനിറ്റ് ഇടവിട്ടായിരുന്നു ട്രയിനുകളെങ്കില്‍ 18ാം തിയതി മുതല്‍ ശനി, തിങ്കള്‍ ദിവസങ്ങളില്‍ 6.15 മിനിറ്റ് ഇടവിട്ട് ട്രയിനുകളുണ്ടാകും. തിരക്കുകുറഞ്ഞ സമയങ്ങളില്‍ 8.15 മിനിറ്റ് ഇടവിട്ടായിരുന്നു ട്രയിനുകളെങ്കില്‍ ഇനി അത് 7.30 മിനിറ്റ് ഇടവിട്ടായിരിക്കും. ഞായറാഴ്ചകളില്‍ ട്രയിനുകൾക്കിടയിലെ സമയം 10 മിനിറ്റ് ആയിരുന്നു എങ്കില്‍ അത് 9 മിനിറ്റ് ആയി കുറച്ചു.. ഇതോടെ ട്രയിന്‍ സര്‍വീസിന്റെ എണ്ണം ഇപ്പോഴത്തെ 229 ല്‍ നിന്ന് ശനി, തിങ്കള്‍ ദിവസങ്ങളില്‍ 271 ആയി വര്‍ധിക്കും.

ചൊവ്വമുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ ട്രയിനുകള്‍ക്കിടയിലെ സമയത്തില്‍ മാറ്റമില്ല. തിരക്കുള്ള സമയങ്ങളില്‍ ഏഴു മിനിറ്റും മറ്റ് സമയങ്ങളില്‍ 8.15 മിനിറ്റും ഇടവിട്ട് ട്രയിനുകളുണ്ടാകും. യാത്രക്കാര്‍ക്കിടയില്‍ സാമൂഹ്യ അകലം പാലിക്കുന്നത് ഉറപ്പാക്കാന്‍ തിരക്ക് കൂടിയാല്‍ സര്‍വീസ് നടത്താനായി കൂടുതല്‍ ട്രയിനുകളും സജ്ജമാക്കിയിട്ടുണ്ട് എന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചു.

വിവിധ സ്റ്റേഷനുകളില്‍ നിന്ന് കൊച്ചി മെട്രോ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കൂടുതൽ ഫീഡര്‍ സര്‍വീസുകള്‍ ആരംഭിച്ചതും നിരക്കുകളില്‍ ഇളവ് നല്‍കിയതും, സ്റ്റേഷനുകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചതും, വിശേഷ ദിവസങ്ങളില്‍ സൗജന്യനിരക്കുകള്‍ നല്‍കിയതും യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിക്കാന്‍ സഹായകരമായി.

യാത്രയ്ക്ക് പുറമെ വിശേഷ ദിവസങ്ങളിലെ ആഘോഷത്തിനു ഒത്തുചേരാനുള്ള വേദി കൂടിയാവുകയാണ് കൊച്ചി മെട്രോ സ്റ്റേഷനുകൾ. ക്രിസ്തുമസ്, പുതുവർഷ ആഘോഷങ്ങളോടനുബന്ധിച്ച് ശനിയാഴ്ച മുതൽ പൊതുജനങ്ങൾക്കായി മെട്രോ സ്റ്റേഷനുകളിൽ സംഘടിപ്പിക്കുന്ന സ്റ്റാർ നിർമ്മാണം, പുൽക്കൂട് അലങ്കരിക്കൽ , കരോൾ ഗാനാലാപനം, കേക്ക് നിർമ്മാണം തുടങ്ങിയ മൽസരങ്ങളിൽ പങ്കെടുക്കാൻ നൂറു കണക്കിന് പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Related posts

മെഗാ ജോബ് ഫെയർ; തൊഴിൽ ദാതാക്കൾക്ക് 25 വരെ രജിസ്റ്റർ ചെയ്യാം

Aswathi Kottiyoor

സഹകരണ ഉത്പന്നങ്ങൾ ഇനി കോപ് കേരള

Aswathi Kottiyoor

4300 ആപ്ത മിത്ര വളണ്ടിയർമാർ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി

Aswathi Kottiyoor
WordPress Image Lightbox