പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 28 സഞ്ചരിക്കുന്ന തക്കാളി വണ്ടികൾ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നിരത്തിലിറങ്ങുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്.
തക്കാളി വണ്ടിയിൽ ഒരു കിലോ തക്കാളിക്ക് 50 രൂപയാണ് വില. തക്കാളിക്കൊപ്പം മറ്റു പച്ചക്കറികളും വിലക്കുറവിൽ ലഭിക്കും. രാവിലെ 7.30 മുതൽ വൈകിട്ട് 7.30 വരെയാണ് തക്കാളി വണ്ടി പ്രവർത്തിക്കുക.
കേരളത്തിലെ വിവിധയിടങ്ങൾ, അയൽ സംസ്ഥാനങ്ങൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് തക്കാളിയും മറ്റു പച്ചക്കറികളും സംഭരിച്ച് വിതരണം ചെയ്യാനാണ് കൃഷി വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. സ്ഥിരം വിപണിയില്ലാത്ത സ്ഥലങ്ങളിൽ ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന വിൽപനശാലകളും കൂടുതൽ ഔട്ട്ലറ്റുകളും ആരംഭിക്കും.
കൂടുതൽ സംഭരണ കേന്ദ്രങ്ങളിൽ പച്ചക്കറി ശേഖരിച്ച് വിൽപന നടത്താൻ സർക്കാർ ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി എട്ടു കോടി രൂപ പ്രത്യേകം അനുവദിച്ചു. വരും കാലത്ത് ഇത്തരം സാഹചര്യം മുൻകൂട്ടി കണ്ട് ഇടപെടൽ നടത്തുന്നതിന് കൃഷി സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൃഷി ഡയറക്ടർ കൺവീനറായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
പച്ചക്കറി വിതരണ മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ഒരു കരുതൽ ധനം കൃഷി ഡയറക്ടർക്ക് നൽകുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. ഈ പണം ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി സംഭരിച്ച് വിതരണം ചെയ്യാൻ കൃഷിവകുപ്പിന് സാധിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി സംഭരിക്കുന്നതിനായി ഒരു സ്ഥിരം കമ്മിറ്റി കൃഷി ഡയറക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ടെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.