കണ്ണൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137-ാം ജന്മദിനം വിപുലമായ പരിപാടികളോടുകൂടി ആഘോഷിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉന്നതാധികാര സമിതിയോഗം തീരുമാനിച്ചു. 27ന് വൈകുന്നേരം നാലിന് കേളകത്ത് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം മഞ്ഞളാംപുറത്തുനിന്ന് ആരംഭിക്കുന്ന റാലി കേളകം ടൗണിൽ സമാപിക്കും. തുടർന്ന് “കോൺഗ്രസിന്റെ ചരിത്രവും പ്രസക്തിയും ” എന്ന വിഷയത്തിൽ സെമിനാർ നടക്കും. 28ന് രാവിലെ ഒന്പതിന് ഡിസിസിയിൽ പതാകവന്ദനവും തുടർന്ന് ആഘോഷപരിപാടികളും സംഘടിപ്പിക്കും. 23ന് ലീഡർ കെ. കരുണാകരന്റെ ചരമവാർഷിക ദിനാചരണത്തിൽ ഡിസിസിയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടക്കും. കൂടാതെ ജില്ലയിലെ മുഴുവൻ മണ്ഡലം, ബ്ലോക്ക് തലങ്ങളിലും പുഷ്പാർച്ചനയും അനുസ്മരണയോഗങ്ങളും നടത്താനും തീരുമാനിച്ചു. യോഗത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.