22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾ: സാംപിൾ സർവേ തുടരാമെന്ന് െഹെക്കോടതി.
Kerala

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾ: സാംപിൾ സർവേ തുടരാമെന്ന് െഹെക്കോടതി.

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾക്കു വേണ്ടിയുള്ള സംസ്ഥാന കമ്മിഷന്റെ ശുപാർശ അനുസരിച്ച് ആരംഭിച്ച സാംപിൾ സർവേ തുടരാമെന്നു ഹൈക്കോടതി. ഇപ്പോഴത്തെ സാംപിൾ സർവേ 2019ൽ കമ്മിഷൻ ശുപാർശ ചെയ്ത സമഗ്ര സർവേക്കു പകരമല്ലെന്നും 10% സാമ്പത്തിക സംവരണവുമായി ഇതിനു ബന്ധമൊന്നുമില്ലെന്നും സർക്കാരും സംസ്ഥാന കമ്മിഷനും അറിയിച്ച സാഹചര്യത്തിലാണു കോടതി നിർദേശം.

2019ൽ ശുപാർശ ചെയ്ത സമഗ്ര സർവേ നടത്തുന്ന കാര്യത്തിൽ സർക്കാർ തീരുമാനം അറിയിക്കണമെന്നു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചു. സാംപിൾ സർവേ നടത്തിയാൽ വേണ്ടത്ര വിവരം കിട്ടില്ലെന്നും തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി നൽകിയ ഹർജിയിലാണു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. മുൻ കമ്മിഷന്റെ നിർദേശമനുസരിച്ച് സാമൂഹിക, സാമ്പത്തിക, സമുദായ സ്ഥിതി സംബന്ധിച്ച കണക്കെടുപ്പിനു സമഗ്ര സർവേ നടത്തണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

2019ൽ കമ്മിഷൻ ശുപാർശ ചെയ്ത സമഗ്ര സർവേയും ഇപ്പോൾ നടക്കുന്ന സാംപിൾ സർവേയും തമ്മിൽ ബന്ധമില്ലെന്നു സർക്കാരും കമ്മിഷനും അറിയിച്ച സാഹചര്യത്തിൽ അതേക്കുറിച്ചു കൂടുതൽ പരിശോധന വേണ്ടെന്നു കോടതി പറഞ്ഞു. അതേസമയം സമഗ്ര സർവേയുടെ കാര്യത്തിൽ സർക്കാർ വ്യക്തമായ നിലപാട് എടുക്കണം. സർക്കാരിന്റെ തീരുമാനം ഉൾപ്പെടുത്തി ജനുവരി 31നകം സത്യവാങ്മൂലം നൽകണമെന്നും നിർദേശിച്ചു. സമഗ്ര സർവേ നടത്താൻ കോവിഡ് സാഹചര്യം തടസ്സമാണെന്നു സർക്കാർ അഭിഭാഷകൻ പറഞ്ഞു. ഇതിന് ആവശ്യത്തിനു ഫണ്ടും ജീവനക്കാരും വേണമെന്നും പറഞ്ഞു.

റിപ്പോർട്ടുകൾ മൂന്ന്

മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തിക പിന്നാക്കാവസ്ഥ ഉള്ളവരെ കണ്ടെത്താനുള്ള മാനദണ്ഡം നിശ്ചയിക്കാൻ കെ. ശശിധരൻ നായർ കമ്മിറ്റി നൽകിയ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചിരുന്നു. ഇതിനിടെ സാമൂഹിക – സാമ്പത്തിക – സമുദായ സർവേ നടത്തണമെന്ന്, ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ള അധ്യക്ഷനായിരിക്കെ സംസ്ഥാന കമ്മിഷൻ 2019 ഫെബ്രുവരിയിൽ ശുപാർശ നൽകി. സംസ്ഥാനത്തെ ജനസംഖ്യ, സമുദായങ്ങൾ, സാമൂഹിക – സാമ്പത്തിക – സാമൂഹിക സ്ഥിതി എന്നിവ സംബന്ധിച്ച വ്യക്തമായ സ്ഥിതി വിവരക്കണക്ക് തയാറാക്കാൻ സമഗ്ര സർവേ നടത്തണമെന്നും എല്ലാ സമുദായങ്ങളുടെയും ജനസംഖ്യാ കണക്കെടുപ്പു നടത്തണമെന്നുമാണു റിപ്പോർട്ടിലെ ഒരു ശുപാർശ. റിപ്പോർട്ടിലെ ചില ശുപാർശകൾ അംഗീകരിച്ചെങ്കിലും സമഗ്ര സർവേയുടെ കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല.

അതേസമയം, ഒരു വാർഡിൽ മുന്നാക്ക സമുദായത്തിൽപ്പെട്ട 5 കുടുംബങ്ങളിൽ സാംപിൾ സർവേ നടത്തി റിപ്പോർട്ട് നൽകണമെന്നാണു ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ അധ്യക്ഷനായ നിലവിലുള്ള കമ്മിഷന്റെ ശുപാർശ. സർക്കാർ ഭരണാനുമതി നൽകിയതോടെ നടപടി തുടങ്ങിക്കഴിഞ്ഞു. എന്നാൽ സാംപിൾ സർവേ കൊണ്ടു പ്രയോജനം ഉണ്ടാവില്ലെന്നും ഭാവി നടപടികൾക്ക് അത് ആധാരമാക്കിയാൽ വിപരീത ഫലം ഉണ്ടാകുമെന്നുമാണു ഹർജിക്കാരുടെ പരാതി.

Related posts

ഹാപ്പി ഡ്രിങ്ക്സ് ‘ ശ്രദ്ധേയമായി.

Aswathi Kottiyoor

പത്ത്‌ പൊതുമേഖലാ സ്ഥാപനത്തിനുകൂടി ചെയർമാന്മാരായി

Aswathi Kottiyoor

വർഷാന്ത്യ ചെലവിന് 25,000 കോടി; വരുമാനം 10,000 കോടി: അസാധാരണ ധന പ്രതിസന്ധി

Aswathi Kottiyoor
WordPress Image Lightbox