പ്ലാസ്റ്റിക് അരി നിർമ്മിക്കുന്നു എന്ന തരത്തിൽ ഒരു വീഡിയോ വാട്‌സാപ്പിൽ പ്രചരിക്കുന്നുണ്ട്. ഒരു യന്ത്രത്തിലേക്ക് പ്ലാസ്റ്റിക് ഷീറ്റുകൾ ഇട്ടു കൊടുത്ത് ഏതാനും പ്രക്രിയകൾക്കു ശേഷം അത് വെളുത്ത അരി പോലുളള കുഞ്ഞു മണികളായി പുറത്തേക്കു വന്നുവീഴുന്നതാണ് ദൃശ്യത്തിലുളളത്. ‘Making of plastic rice. Be careful before you buy rice!’ എന്ന് വീഡിയോയിലുടനീളം സ്‌ക്രീനിൽ കാണാം..
ഈ വീഡിയോയുടെ പിന്നിലെ വാസ്തവമെന്തെന്ന് പരിശോധിക്കാം.
അന്വേഷണം
വളരെ കാലങ്ങളായുള്ള ആരോപണമാണ് വ്യാജ അരി അല്ലെങ്കിൽ പ്ലാസ്റ്റിക് അരി വിപണിയിലുണ്ട് എന്നത്. പ്രചരിക്കുന്ന വീഡിയോയുടെ ഉറവിടം പരിശോധിക്കാൻ കീഫ്രെയിംസ് എടുത്ത് റിവേർസ് ഇമേജ് സെർച്ച് ചെയ്തു. അന്വേഷണത്തിൽ വീഡിയോയുടെ വിവരങ്ങൾ ലഭ്യമായി. 2017 മുതൽ സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്.
ദൃശ്യത്തിലുള്ളത് പ്ലാസ്റ്റിക് അരി നിർമ്മാണം തന്നെയാണോ എന്ന് പരിശോധിച്ചു. അങ്ങനെ പ്രസ്തുത വീഡിയോ പ്ലാസ്റ്റിക് അരി നിർമ്മാണത്തിന്റെയല്ല എന്ന് കണ്ടെത്തി. പ്ലാസ്റ്റിക് തരികൾ ഉണ്ടാക്കുന്ന ഗ്രാന്യുലൈസേഷൻ അഥവ പെല്ലറ്റൈസേഷൻ എന്ന നിർമ്മാണ പ്രക്രിയയാണ് വീഡിയോയിലുള്ളത്. ദൃശ്യം സൂക്ഷ്മമായി നോക്കിയപ്പോൾ ഏവാ (EVA) എന്നെഴുതിയ ഒരു പാക്കറ്റ് ശ്രദ്ധയിൽപ്പെട്ടു. പ്ലാസ്റ്റിക് നിർമ്മാണ മേഖലയിൽ ഉപയോഗിക്കുന്ന എത്തിലീൻ വിനൈൽ അസെറ്റേറ്റ് (ethylene vinyl acetate) ആണ് ‘EVA’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്.
പ്രസ്തുത വീഡിയോയ്ക്ക് സമാനമായ മറ്റൊരു വീഡിയോയും അന്വഷണത്തിൽ കണ്ടെത്തി. 2015-ൽ പ്ലാസ്റ്റിക് അരി എന്ന വാദം ഉന്നയിച്ചുകൊണ്ടാണ് യൂട്യൂബിൽ ആ വിഡീയോയും പോസ്റ്റ് ചെയ്തിട്ടുളളത്.
നിരവധി ആരോപണങ്ങൾ വന്നിട്ടുണ്ടെങ്കിലും പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ച അരി ഇന്ത്യയിൽ വിപണിയിലുളളതായി കണ്ടെത്താനായിട്ടില്ല. എന്നാൽ, വ്യാജ അരി എന്നത് യാഥാർത്ഥ്യമാണ്. അരിയെന്ന് തോന്നിപ്പിക്കുന്ന രീതിയിലും ആകൃതിയിലും ധാന്യങ്ങൾ, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് പോലുള്ള വസ്തുക്കളുപയോഗിച്ച് നിർമ്മിച്ചതാണ് അത്തരം അരികൾ. വ്യാജ അരിയെപ്പറ്റി വിശദമായ റിപ്പോർട്ട് ദി ഹിന്ദു എന്ന ഇംഗ്ലീഷ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.വാസ്തവം
പ്ലാസ്റ്റിക് അരി നിർമ്മിക്കുന്നതിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ പ്ലാസ്റ്റിക് അരി നിർമ്മാണത്തിന്റെയല്ല. പ്ലാസ്റ്റിക്ക് തരികൾ ഉണ്ടാക്കുന്ന ഗ്രാന്യുലൈസേഷൻ അഥവ പെല്ലറ്റൈസേഷൻ എന്ന നിർമ്മാണ പ്രക്രിയയാണ് വീഡിയോയിലുള്ളത്. അതിനാൽ വീഡിയോ തെറ്റായ സന്ദേശമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്.