ഡിസംബര്‍ 18ന് ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ബൂത്ത് തല ഏജന്റുമാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക നിരീക്ഷകന്‍ ബിജു പ്രഭാകര്‍ അറിയിച്ചു. വോട്ടര്‍പട്ടികയിലെ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലും മറ്റും യോഗത്തില്‍ അറിയിക്കും. ബിഎല്‍ഒമാരുടെ ലിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറാന്‍ അദ്ദേഹം നിര്‍ദേശിച്ചു. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട സന്ദര്‍ശനത്തിന്റെ ഭാഗമായി അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടിച്ചേര്‍ക്കല്‍, ഒഴിവാക്കല്‍ ഉള്‍പ്പെടെ 10,225 അപേക്ഷകളാണ് ജില്ലയില്‍ ഇതുവരെ ലഭിച്ചത്. ഇതില്‍ 1,600ഓളം അപേക്ഷകളിന്‍മേല്‍ നടപടി പൂര്‍ത്തിയാക്കാനുണ്ട്. നവംബര്‍ 30 വരെ ലഭിച്ച അപേക്ഷകളിന്‍മേല്‍ ഡിസംബര്‍ 20ന് നടപടികള്‍ പൂര്‍ത്തിയാക്കും.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജി. ശ്രീകുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.സി. മുഹമ്മദ് ഫൈസല്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം. ഗംഗാധരന്‍ (സി.പി.ഐ), പി ആര്‍ രാജന്‍ (ബി.ജെ.പി), എം. ഉണ്ണികൃഷ്ണന്‍ (കോണ്‍ഗ്രസ് എസ്), അനില്‍ പുതിയ വീട്ടില്‍ (എന്‍.സി.പി), ജോണ്‍സണ്‍ പി. തോമസ് (ആര്‍.എസ്.പി), ഡോ. ജോസഫ് തോമസ് കൊച്ചുമുറി (കേരള കോണ്‍ഗ്രസ് എം.), ആര്‍പി ഷഫീഖ് (തൃണമൂല്‍ കോണ്‍ഗ്രസ്), തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.