പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരേണ്ടതില്ലെന്ന് കൗണ്‍സില്‍ ഏകകണ്ഠേന നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
വലിയ വരുമാന നഷ്ടം ഉണ്ടാകുന്ന വിഷയമായതിനാല്‍ വിശദമായ പരിശോധന വേണമെന്ന നിലപാടിലാണ് ജിഎസ്ടി കൗണ്‍സില്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന സ്രോതസാണ് പെട്രോളിയം നികുതിയെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും ഹൈക്കോടതിയില്‍ നല്കിയ വിശദീകരണ പത്രികയില്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉത്പന്നങ്ങളെക്കൂടി ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്.