22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സനാതന സംസ്കാരത്തിന്റെ പ്രതീകം’: കാശി ധാം ഇടനാഴി ഉദ്ഘാടനം ചെയ്ത് മോദി.
Kerala

സനാതന സംസ്കാരത്തിന്റെ പ്രതീകം’: കാശി ധാം ഇടനാഴി ഉദ്ഘാടനം ചെയ്ത് മോദി.

കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 50 അടി വീതിയുള്ള കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ക്ഷേത്രത്തെയും ഗംഗാനദിയെയും ബന്ധിപ്പിക്കുന്നതാണ്. 1,000 കോടിയോളം രൂപ മുടക്കി 5.5 ലക്ഷം ചതുരശ്ര അടി സ്ഥലത്തു നടപ്പാക്കുന്ന വികസന പദ്ധതി വാരാണസിയുടെ മുഖഛായ മാറ്റുമെന്നാണു കരുതുന്നത്. ഗംഗാനദീ തീരത്തുനിന്ന് ഇനി 400 മീറ്റർ നടന്നാൽ ക്ഷേത്രത്തിലെത്താം. വാരാണസി എംപി കൂടിയായ മോദി തന്നെ 2019 മാർച്ചിൽ ശിലയിട്ട പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്.ഇന്ന് കാശി വിശ്വനാഥന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതപ്പെടുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘കാശി ധാം ഇടനാഴി പരിസരം ഒരു മഹത്തായ ‘ഭവനം’ മാത്രമല്ല, ഇന്ത്യയുടെ സനാതന സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. പുരാതന കാലത്തെ പ്രചോദനങ്ങൾ എങ്ങനെ ഭാവിയിലേക്ക് ദിശാബോധം നൽകുന്നുവെന്ന് ഇവിടെ നിങ്ങൾ കാണുമെന്നും അദ്ദേഹം പറഞ്ഞു. ‘ഹർ ഹർ മഹാദേവ്’ എന്നു ഉദ്ധരിച്ചാണ് പ്രധാനമന്ത്രി ഉദ്ഘാടനം പ്രസംഗം ആരംഭിച്ചത്.

ഉദ്ഘാടനത്തിന് മുൻപ് ക്ഷേത്രത്തിലെ പൂജാ ചടങ്ങിൽ പങ്കെടുത്ത മോദി, പിന്നീട് പദ്ധതി നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികൾക്കുമേൽ പുഷ്പവൃഷ്ടി നടത്തി. അവരോടൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. രാവിലെ വാരാണസിയിൽ എത്തിയ പ്രധാനമന്ത്രിയെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിച്ചു. കാല ഭൈരവ ക്ഷേത്രത്തിലെത്തി പ്രധാനമന്ത്രി ദർശനം നടത്തി. ഇതിനുപിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഖിർക്കിയ ഘാട്ടിൽ എത്തിയ മോദി, ഡബിൾഡക്കർ ബോട്ടിൽ ലളിത ഘാട്ടിലേക്കു പോയി. ഇതിനുശേഷം ഗംഗയിൽ പുണ്യസ്നാനം ചെയ്തു. പുണ്യജലവുമായാണ് മോദി കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയത്. യാത്രാമധ്യേ വഴിയിലൂടനീളം കാത്തുനിന്ന നൂറുകണക്കിന് ആളുകളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.ഗംഗാനദിയെ ക്ഷേത്രവുമായി ബന്ധിപ്പിക്കുകയാണ് കാശി ധാം ഇടനാഴിയുടെ മുഖ്യ ഉദ്ദേശ്യം. വാരാണസിയുടെ മുഖഛായ മാറ്റുന്ന ഈ പദ്ധതിക്ക് 2019 മാർച്ചിലാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. ഇതിനായി ശ്രീ കാശി വിശ്വനാഥ് സ്പെഷൽ ഡവലപ്മെന്റ് ബോർഡ് രൂപവൽക്കരിച്ചു. 800 മുതൽ 1000 കോടി രൂപവരെയാണ് ചെലവു കണക്കാക്കുന്നത്. ഡൽഹിയിലെ‍ സെൻട്രൽ വിസ്റ്റ രൂപകൽപന ചെയ്ത ഗുജറാത്തിലെ ബിമൽ പട്ടേലിന്റെ എച്ച്സിപി ഡിസൈൻ എന്ന സ്ഥാപനം തന്നെയാണ് കാശി ധാമിന്റെയും രൂപകൽപന.ഒരു മന്ദിർ ചൗക്ക്(കരകൗശല വസ്തുവിൽപനകേന്ദ്രങ്ങൾ, പ്രദർശന ഹാൾ, ക്ഷേത്ര ട്രസ്റ്റ് ഓഫിസ് എന്നിവ), സിറ്റി മ്യൂസിയം, കാശിയുടെ പുരാണം പറയുന്ന വാരാണസി വെർച്വൽ ഗ്യാലറി, ഓഡിറ്റോറിയം, ഭക്തജനങ്ങൾക്കും പുരോഹിതർക്കും വിശ്രമകേന്ദ്രങ്ങൾ, മോക്ഷം തേടിയെത്തുന്ന മുതിർന്നവർക്കായി മോക്ഷഭവനം, ഭക്തർക്കു വേണ്ട പൊതുസൗകര്യങ്ങൾ ഫുഡ്കോർട്ട്, ആധ്യാത്മിക ഗ്രന്ഥങ്ങളുള്ള ലൈബ്രറി, ടൂറിസ്റ്റ് സെന്റർ, ഗോദൗലിയ കവാടം എന്നിവയാണ് നിർമിക്കുന്നത്. ജോലികൾ 70 ശതമാനത്തോളം തീർന്നു കഴിഞ്ഞു, ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്താണ് ഗംഗ.സദാസമയവും ചിതകളെരിയുന്ന മണികർണിക ഘാട്ടിൽ നിന്നും ജലാസൻ ഘാട്ട്, ലളിത ഘാട്ട് എന്നിവിടങ്ങളിൽ നിന്നും ഒരു നേർരേഖയിലെന്നോണം കാശി വിശ്വനാഥന്റെ ക്ഷേത്രം കാണാം. മണികർണിക, ലളിത ഘാട്ടുകളിൽ ഗംഗാ നദിയിലെ ക്രൂസ് സർവീസുകളിൽ വന്നിറങ്ങുന്നവർക്ക് ഇനി നേരേ ക്ഷേത്രത്തിലേക്കു കയറാവുന്ന വിധമാണ് ഇടനാഴി തയാറാക്കിയിരിക്കുന്നത്. 400 മീറ്റർ നടന്നാൽ ക്ഷേത്രത്തിലെത്താം. നടക്കാൻ പ്രയാസമുള്ളവർക്ക് എസ്കലേറ്ററുകളും വീൽചെയറുകളുമുണ്ടാകും. ആധുനികതയും പൗരാണികതയും സമന്വയിക്കുന്ന ക്ഷേത്ര സമുച്ചയമാണ് കാശിധാം ഇടനാഴി നൽകുന്നത്. 5 ഹെക്ടർ സ്ഥലത്താണ് പദ്ധതി തയാറാവുന്നത്. മഹാറാണി അഹല്യാബായ് ഹോൽക്കറുടെ പ്രതിമയും ഇടനാഴിയിലുണ്ടാകും.ഘാട്ടുകളിലേക്കുള്ള വഴികളും ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടങ്ങളും പൂർത്തീകരണ ഘട്ടത്തിലാണ്. ദശസ്വമേധ് ഘാട്ടിലേക്കുള്ള വഴിയിലെ കവാടത്തിൽ ആദിശങ്കരന്റെ പ്രതിമയാണുള്ളത്. കാശിയിലേക്കു വരാൻ 7 കടമ്പകൾ കടന്നെത്തണമെന്ന സങ്കൽപത്തിനനുസരിച്ച് 7 കൂറ്റൻ കവാടങ്ങളാണ് സമുച്ചയത്തിനുള്ളത്. ഓരോന്നിലും ഓരോ ദേവതകളുടെ രൂപങ്ങളുണ്ട്. ക്ഷേത്രസമുച്ചയത്തിന്റെ 70 ശതമാനം സ്ഥലവും നിർമാണ പ്രവർത്തനങ്ങളില്ലാതെ തുറന്നു കിടക്കുന്ന സ്ഥലങ്ങളാണ്. 10,000 പേർക്ക് ധ്യാനത്തിനു സൗകര്യമുണ്ട്.

Related posts

കാ​യി​കതാ​ര​ങ്ങ​ൾ​ക്ക​ട​ക്കം 313 ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കും

Aswathi Kottiyoor

ഏപ്രില്‍ മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണ വിവരം

Aswathi Kottiyoor

പെട്രോളിനും ഡീസലിനും വില കൂടും; മദ്യവിലയിലും വര്‍ധന; ബജറ്റ് പ്രഖ്യാപനം

Aswathi Kottiyoor
WordPress Image Lightbox