• Home
  • Kerala
  • ഹോണടിക്ക് ഫുള്‍ സ്റ്റോപ്പ് ഇടാന്‍ പറയുന്നില്ല; ഈ സ്ഥലങ്ങളിലെങ്കിലും ഒഴിവാക്കിക്കൂടെ?.
Kerala

ഹോണടിക്ക് ഫുള്‍ സ്റ്റോപ്പ് ഇടാന്‍ പറയുന്നില്ല; ഈ സ്ഥലങ്ങളിലെങ്കിലും ഒഴിവാക്കിക്കൂടെ?.

ഹോണടി പൂര്‍ണമായും അവസാനിപ്പിക്കാന്‍ സാധ്യമല്ല. എന്നാല്‍, ചിലയിടങ്ങളിലെങ്കിലും അത് നിര്‍ത്തണം. ആശുപത്രികള്‍, സ്‌കൂളുകള്‍, കോടതികള്‍, ആരാധനാലയങ്ങള്‍ എന്നിങ്ങനെ ശബ്ദശല്യം ഒഴിവാക്കേണ്ട സ്ഥലങ്ങളാണിവ. കൊല്ലത്ത് കോടതി സമുച്ചയവും സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും എല്ലാമുള്ള കളക്ടറേറ്റും പരിസരവും ഹോണ്‍ നിരോധിത മേഖലയാണ്. ബോര്‍ഡുമുണ്ട്. പക്ഷേ, മത്സരയോട്ടത്തിനിടെ സ്വകാര്യബസുകള്‍ ഹോണില്‍നിന്ന് കൈയെടുക്കാറില്ല. ജില്ലാ ആശുപത്രിയും പരിസരവുമാണ് മറ്റൊരിടം.

കോട്ടയം നഗരത്തിലും ഏറ്റുമാനൂരിലുമാണ് നോ ഹോണ്‍ അടിയന്തരമായി നടപ്പാക്കേണ്ടത്. ബസേലിയസ് കോളേജ് ജങ്ഷന്‍ മുതല്‍ ചന്തക്കവല വരെയും എം.സി.റോഡില്‍ ഏറ്റുമാനൂര്‍ പടിഞ്ഞാറേനട മുതല്‍ സെന്‍ട്രല്‍ ജങ്ഷന്‍ വരെയും നിശ്ശബ്ദ മേഖലയായി പ്രഖ്യാപിക്കേണ്ടതാണ്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിലാണ് ഹോണ്‍ ശല്യം കൂടുതല്‍. കോഴിക്കോട് നഗരത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നില്‍ക്കുന്ന പാളയത്തുതന്നെയാണ് നോ ഹോണ്‍ നടപ്പാക്കേണ്ടത്. മൊഫ്യൂസില്‍ സ്റ്റാന്‍ഡിന്റെ അകത്തും അനാവശ്യ ഹോണുകള്‍ കേള്‍ക്കാം.

പാലക്കാട് കോട്ടയ്ക്കും കോട്ടമൈതാനത്തിനും ചുറ്റുമുള്ള റോഡ് മുതല്‍ ജില്ലാ ആശുപത്രി വരെ ഹോണ്‍ നിരോധിത മേഖയാക്കേണ്ടതാണ്. ഗവ. മോയന്‍സ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുതല്‍ പി.എം.ജി. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വഴി ഗവ. വിക്ടോറിയ കോളേജ് ജങ്ഷന്‍ വരെയുള്ള കോളേജ് റോഡും പൈതൃക ഗ്രാമമായ കല്‍പ്പാത്തി മുതല്‍ ഒലവക്കോട് ജങ്ഷന്‍ റെയില്‍വേ മേല്‍പ്പാലം വരെയുള്ള സ്ഥലവും പരിഗണിക്കേണ്ട സാഹചര്യമാണ്.

വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ജങ്ഷനിലെ ഹോണടി കുട്ടികളെയും രോഗികളെയും ഉള്‍പ്പെടെ ബുദ്ധിമുട്ടിക്കുന്നു. മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജ് റോഡ് ജങ്ഷനിലും ഈ സ്ഥിതിയാണ്. കാസര്‍കോട് പുതിയ സ്റ്റാന്‍ഡ്, ചന്ദ്രഗിരി ജങ്ഷന്‍, കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ്, കറന്തക്കാട് എന്നിവിടങ്ങളിലെല്ലാം ഹോണ്‍ ശല്യം രൂക്ഷമാണ്. കാഞ്ഞങ്ങാട് അതിഞ്ഞാല്‍മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ് വരെയും നിയന്ത്രണം ആവശ്യമാണ്.

കൊച്ചിയില്‍ ഹൈക്കോടതി ജങ്ഷന്‍, ജനറല്‍ ആശുപത്രി പരിസരം എന്നിവിടങ്ങളിലും ഹോണ്‍നിരോധനം വേണം. ഇടുക്കിയില്‍ തൊടുപുഴ ചാഴിക്കാട് ജങ്ഷന്‍, ജില്ലാ ആശുപത്രി ജങ്ഷന്‍ എന്നിവിടങ്ങളിലാണ് ഇത് അത്യാവശ്യം. മലപ്പുറത്ത് തിരൂര്‍, ചങ്കുവെട്ടി, ആലപ്പുഴയില്‍ നൂറനാട്, താമരക്കുളം, വെട്ടിയാര്‍ കവലകളില്‍ ഹോണിന്റെ അമിതോപയോഗമുണ്ട്. കണ്ണൂരില്‍ കാല്‍ടെക്സ് ജങ്ഷന്‍മുതല്‍ കളക്ടറേറ്റിനു മുന്‍വശംവരെ ഹോണ്‍ നിരോധനം അത്യാവശ്യമാണ്. തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ മുനിസിപ്പല്‍ ഓഫീസ് വരെയും പുതിയ ബസ് സ്റ്റാന്‍ഡ് വരെയും ഹോണ്‍ നിരോധനം ആവശ്യമാണ്.

Related posts

ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു

Aswathi Kottiyoor

എസ്‌എസ്‌എൽസി, പ്ലസ്‌ടു മൂല്യനിർണയം ഇന്ന്‌ തുടങ്ങും

Aswathi Kottiyoor

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Aswathi Kottiyoor
WordPress Image Lightbox