26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഹൗസ് സർജന്മാർ 24 മണിക്കൂർ പണിമുടക്കും; മെഡിക്കൽ കോളേജുകൾ സ്തംഭനത്തിലേക്ക്
Kerala

ഹൗസ് സർജന്മാർ 24 മണിക്കൂർ പണിമുടക്കും; മെഡിക്കൽ കോളേജുകൾ സ്തംഭനത്തിലേക്ക്

പി.ജി. ഡോക്ടർമാർക്കു പിന്നാലെ ഹൗസ് സർജന്മാരും സമരം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ സ്തംഭനത്തിലേക്ക്. പി.ജി. ഡോക്ടർമാർ നാലാംദിവസവും അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്കരിക്കും. ഹൗസ് സർജന്മാർ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പി.ജി. ഡോക്ടർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തും.

മെഡിക്കൽ കോളേജുകളിൽ നാലുദിവസമായി ചികിത്സാ സംവിധാനങ്ങൾ താളംതെറ്റിയ അവസ്ഥയിലാണ്. ശസ്ത്രക്രിയ ഉൾപ്പെടെ മാറ്റുകയും ഒ.പി. ചികിത്സ മുടങ്ങിയ അവസ്ഥയിലുമാണ്. നാലുശതമാനം സ്റ്റൈപൻഡ് വർധന, പി.ജി.ക്കാരുടെ സമരംമൂലം ജോലിഭാരം കൂടുന്നു എന്നിവയാരോപിച്ചാണ് ഒ.പി.യിലും വാർഡുകളിലും ഡ്യൂട്ടിയിലുള്ള ഹൗസ് സർജന്മാർ പ്രതിഷേധിക്കുന്നത്.

ആലപ്പുഴയിൽ ഹൗസ് സർജനെ ആക്രമിക്കുകയും അസിസ്റ്റന്റ് പ്രൊഫസറെ അസഭ്യംപറയുകയും ചെയ്തതിലും ഒരാഴ്ച അറുപതിലധികം മണിക്കൂർ വിശ്രമമില്ലാതെ ജോലിചെയ്യേണ്ടിവരുന്നതിലും പ്രതിഷേധിച്ച് കേരള ഗവ. പി.ജി. മെഡിക്കൽ ടീച്ചേഴ്‌സ് അസോസിയേഷനും സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച രാവിലെ എട്ടുമുതൽ 11 വരെ ഒ.പി. ബഹിഷ്കരിക്കും.

മെഡിക്കൽ കോളേജിൽ പി.ജി. ഡോക്ടർമാരുടെ സമരം 13-ാം ദിവസത്തിലേക്കു കടന്നത് ചികിത്സാ സംവിധാനങ്ങളെ കാര്യമായി ബാധിച്ചു തുടങ്ങി. മറ്റ് ആശുപത്രികളിൽനിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നത് ഒഴിവാക്കാൻ അധികൃതർ ആവശ്യപ്പെട്ടതായാണ് സൂചന.

വിഷയത്തിൽ രണ്ടുവട്ടം ചർച്ചനടത്തിയതായും ആവശ്യങ്ങൾ അംഗീകരിച്ചതായും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. ആവശ്യങ്ങളിൽ ചിലതുമാത്രമാണ് അംഗീകരിച്ചതെന്നും മറ്റുള്ളവ സംബന്ധിച്ച് ഒരു മറുപടിയും പറയുന്നില്ലെന്നുമാണ് സമരക്കാർ പറയുന്നത്.

ഹാജർ നൽകില്ലെന്നും പരീക്ഷ എഴുതിക്കില്ലെന്നും സർക്കാർ ഭീഷണിപ്പെടുത്തുന്നതായും സമരക്കാർ ആരോപിച്ചു.

സമരത്തെ അടിച്ചമർത്താൻ ശ്രമിക്കരുത് -കെ.ജി.എം.സി.ടി.എ.

പി.ജി. വിദ്യാർഥികൾ നടത്തുന്ന സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്ന് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

റെസിഡൻസി സമ്പ്രദായം നിലവിലുള്ള മെഡിക്കൽ കോളേജുകളിൽ രോഗീപരിചരണം പി.ജി. വിദ്യാർഥികളുടെ പരിശീലനത്തിന്റെ ഭാഗമാണ്. പി.ജി. വിദ്യാർഥികളുടെ അഭാവംമൂലം ചികിത്സയുമായി ബന്ധപ്പെട്ട അമിത ജോലിഭാരം പൂർണമായും ഏറ്റെടുക്കാൻ മെഡിക്കൽ കോളേജുകളിലെ അധ്യാപകർക്ക് സാധ്യമല്ലെന്നും കെ.ജി.എം.സി.ടി.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. ബിനോയിയും സെക്രട്ടറി ഡോ. നിർമൽ ഭാസ്കറും പറഞ്ഞു.

Related posts

സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കാൻ അവസരമൊരുക്കും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

ഭക്ഷ്യപരിശോധന കർശനമാക്കും: മന്ത്രി

Aswathi Kottiyoor

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം*

Aswathi Kottiyoor
WordPress Image Lightbox