26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിൽ സർക്കാർ ഏറെ ശ്രദ്ധ പുലർത്തുന്നു: സ്പീക്കർ
Kerala

സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിൽ സർക്കാർ ഏറെ ശ്രദ്ധ പുലർത്തുന്നു: സ്പീക്കർ

സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിലും അവസരസമത്വം, വിദ്യാഭ്യാസ പുരോഗതി എന്നിവ നേടിയെടുക്കുന്നതിലും സംസ്ഥാന സർക്കാർ ഏറെ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. കേരള ലെജസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാംപ്സ്)- യൂണിസെഫ് ഇന്ത്യയുടെ പങ്കാളിത്തത്തോടെ നടത്തിയ സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗമനപരമായ നിയമനിർമ്മാണ പ്രക്രിയയോടൊപ്പം തന്നെ കേരള സമൂഹം സ്ത്രീശാക്തീകരണത്തിൽ മുന്നേറ്റം നേടുന്നതിൽ പ്രധാന പങ്ക് വഹിച്ചു. അസമത്വവും അസഹിഷ്ണുതയും നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കുട്ടികളുടെ ഉന്നമനത്തിൽ മാത്രമല്ല ലിംഗ സമത്വത്തിലും അനുബന്ധ വിഷയങ്ങളിലും യൂണിസെഫിന്റെ പ്രവർത്തനം അഭിനന്ദനീയമാണെന്ന് സ്പീക്കർ പറഞ്ഞു. രാജ്യത്ത് പലയിടത്തും ഇപ്പോഴും സ്ത്രീ-പുരുഷ അസമത്വം നിലനിൽക്കുന്നു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം വെല്ലുവിളി നിറഞ്ഞതായി തീർന്നിരിക്കുന്നു. ഈ ദുരവസ്ഥയെ മറികടക്കുവാൻ വിദ്യാസമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കുന്നതിലൂടെ സാധിക്കുമെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു.
മാനവ വികസന സൂചികയിൽ കേരളത്തിന്റെ സ്ഥാനം ഏറെ മുന്നിലാണ്. സംസ്ഥാന/ദേശീയതല സെമിനാറുകളിലൂടെയും ഭരണഘടനാ ബോധവത്കരണ ക്ലാസുകളിലൂടെയും യൂണിസെഫുമായി സംയോജിച്ചുള്ള മറ്റ് പ്രവർത്തനങ്ങളിലൂടെയും യുവജനതയുടെ വീക്ഷണത്തിലും പ്രവർത്തിയിലും സാരമായ മാറ്റം കൊണ്ടുവരാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും വർധിച്ച ഇക്കാലത്ത് അത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാനും അതിനെ മറികടക്കുവാനും കഴിയണമെന്നും അതിനായി കുട്ടികളെ പരിശീലിപ്പിക്കേണ്ടതാണെന്നും സ്പീക്കർ പറഞ്ഞു. യൂണിസെഫ് ഇന്ത്യയുടെ സോഷ്യൽ പോളിസി, പ്ലാനിംഗ് ആൻഡ് ഇവാല്വേഷൻസ് മേധാവി ഹ്വെയ്ൻ ഹീ ബാൻ, യൂണിസെഫിന്റെ തമിഴ്നാട്-കേരള ഓഫീസ് സോഷ്യൽ പോളിസി മേധാവി കെ.എൽ. റാവു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെ അഭിനന്ദിച്ച ഹ്വെയ്ൻ ഹീ ബാൻ, ആരോഗ്യ സംരക്ഷണ മേഖലയിലും പോഷകാഹാരം, ജലലഭ്യത, ശുചീകരണം എന്നീ മേഖലകളിലും ലോകത്തിലെ മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യ മാതൃകയാണെന്നും സംസ്ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും പുരോഗതിക്കായുള്ള എല്ലാ പ്രവർത്തനങ്ങളിലും യൂണിസെഫിന്റെ പൂർണ്ണ സഹകരണം ഉറപ്പുവരുത്തുമെന്നും പറഞ്ഞു. ഇതിനായി കേരള നിയമസഭയുമായി യോജിച്ച് തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്നും അറിയിച്ചു.
കൗമാരകാലത്തെ കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തെക്കുറിച്ചും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ കേരളം മാതൃകയായതിനെക്കുറിച്ചും കെ.എൽ. റാവു സംസാരിച്ചു. കോവിഡ് കാലത്തെ കുട്ടികളുടെ മാനസികാരോഗ്യവും കാലാവസ്ഥാ വ്യതിയാനത്തിലൂടെയുണ്ടായ ബുദ്ധിമുട്ടുകളും യോഗത്തിൽ പ്രധാന ചർച്ചാവിഷയമായി. നിയമസഭാ സ്പെഷ്യൽ സെക്രട്ടറി ആർ. കിഷോർ കുമാർ സ്വാഗതവും കെ-ലാംപ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ മഞ്ജു വർഗ്ഗീസ് നന്ദിയും പറഞ്ഞു.

Related posts

ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ സർ സയ്യിദ് കോളേജിലെ 8 അധ്യാപകർ

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കേൾക്കൂ,താജ് മഹൽ കേക്കിന്റെ വിശേഷം കേളകം നോവ ബേക്കറിയിൽ*

Aswathi Kottiyoor
WordPress Image Lightbox