ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടുള്ള പരാതികൾ ലഭിച്ചാൽ ഒത്തുതീർപ്പിനു ശ്രമിക്കാതെ അന്വേഷണം നടത്തണമെന്നു സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. നിയമാനുസൃതമായ അന്വേഷണം നടത്തി പരാതിയിൽ കഴന്പുണ്ടെന്നു കണ്ടെത്തിയാൽ കേസെടുക്കണമെന്നും പോലീസ് ആസ്ഥാനത്തു ചേർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡിജിപി അനിൽ കാന്ത് നിർദേശം നൽകി.
പോക്സോ കേസുകളിൽ രണ്ടു മാസത്തിനകം കുറ്റപത്രം സമർപ്പിക്കണം. ഇത്തരം കേസുകളുടെ വിചാരണ ആറു മാസത്തിനം പൂർത്തിയാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം. നിലവിലുള്ള കേസുകളുടെ അന്വേഷണം ഈ മാസം 31നകം പൂർത്തിയാക്കണം.
ഇക്കാര്യത്തിൽ ജില്ലാ പോലീസ് മേധാവിമാരുടെ ഇടപെടലുണ്ടാകണം. കോടതികൾക്ക് മുൻപാകെയുള്ള കേസുകളിൽ ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിനുള്ള നടപടികൾ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സ്വീകരിക്കണമെന്നും അനിൽ കാന്ത് നിർദേശിച്ചു.
പോലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് ഇടപെടുന്ന രീതി കൂടുതൽ മെച്ചപ്പെടുത്തണം. ഇക്കാര്യങ്ങൾ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണമെന്നു ജില്ലാ പോലീസ് മേധാവിമാരോടു നിർദേശിച്ചു.
പട്ടികജാതി – വർഗ വിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനും അവരുടെ പരാതികളിൻമേൽ എത്രയുംവേഗം നടപടി കൈക്കൊള്ളാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് മേധാവി നിർദേശിച്ചു.