കേരള ബാങ്കിന്റെ നിയമപരമായ റിപ്പോർട്ടുകൾക്കും ബജറ്റിനും അംഗീകാരം നൽകി. 2019 ഏപ്രിൽ ഒന്നുമുതൽ 2020 മാർച്ച് 31 വരെയും 2020 ഏപ്രിൽ ഒന്നുമുതൽ 2021 മാർച്ച് 31 വരെയുമുള്ള പ്രവർത്തന റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടുകളുമാണ് അംഗീകരിച്ചത്. 21–-22, 22–-23 വർഷത്തെ ബജറ്റും ഓൺലൈനായി ചേർന്ന യോഗത്തിൽ ഏകകണ്ഠമായി പാസാക്കി. 13 ജില്ലാ കേന്ദ്രങ്ങളിൽനിന്ന് പ്രതിനിധികൾ പങ്കെടുത്തു. പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അധ്യക്ഷനായി. ബാങ്കിൽ സമഗ്ര ഐടി സംയോജന പദ്ധതിക്ക് രൂപംനൽകിയിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു. പ്രാഥമിക സഹകരണ ബാങ്കുകളെയും 51 അർബൻ സഹകരണ ബാങ്കുകളെയും സംയോജിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. മലപ്പുറം ജില്ലാ ബാങ്കും വൈകാതെ കേരള ബാങ്കിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബാങ്ക്, ബാങ്കർ, ബാങ്കിങ് തുടങ്ങിയ പദാവലികളും പ്രവർത്തനങ്ങളും പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പാടില്ലെന്ന നിർദേശത്തിനെതിരായ പ്രമേയം യോഗം അംഗീകരിച്ചു. ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ വി രവീന്ദ്രൻ, ബാങ്ക് ഡയറക്ടർ എസ് ഹരിശങ്കർ, സിഇഒ പി എസ് രാജൻ, ചീഫ് ജനറൽ മാനേജർ കെ സി സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.