വിവാദമായ മൂന്ന് കൃഷി നിയമങ്ങൾക്കെതിരെ സമരം ചെയ്ത കർഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ ഡൽഹി അതിർത്തിയിലെ ഉപരോധം കർഷകർ അവസാനിപ്പിക്കും. സംയുക്ത കിസാൻമോർച്ച യോഗത്തിലാണ് തീരുമാനം. നാളെ ആദരാഞ്ജലി ദിനം ആചരിക്കും. ശനിയാഴ്ച വിജയാഘോഷം ഉണ്ടാകും. അതിനുശേഷം കർഷകർ അതിർത്തിവിടും.വിളകൾക്കുള്ള താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിനു നടപടി സ്വീകരിക്കാനും കർഷകർക്കെതിരായ കേസുകൾ പിൻവലിക്കാനും ഒരുക്കമാണെന്നറിയിച്ച് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംയുക്ത കിസാൻ മോർച്ചയ്ക്കു കത്തയച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ രേഖാമൂലം ഒപ്പിട്ടു നൽകാൻ കർഷകർ ആവശ്യപ്പെട്ടു. രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാൽ പ്രക്ഷോഭം അവസാനിപ്പിക്കുമെന്ന് കർഷകർ അറിയിച്ചിരുന്നു.
പ്രക്ഷോഭം അവസാനിപ്പിച്ചാൽ മാത്രമേ കേസുകൾ പിൻവലിക്കൂ എന്നാണു ആദ്യം കേന്ദ്രം അറിയിച്ചിരുന്നത്. ആദ്യം കേസുകൾ പിൻവലിക്കണമെന്ന കർഷകരുടെ സമ്മർദത്തിനു വഴങ്ങിയാണ് ഇന്നലെ വീണ്ടും കത്തയച്ചത്. കേസുകൾ പിൻവലിക്കുന്ന നടപടികൾ ആരംഭിച്ചതായും കേന്ദ്രം അറിയിച്ചു. താങ്ങുവില നിയമപരമായി ഉറപ്പാക്കാൻ തയാറാണെന്നുകൂടി കൂട്ടിച്ചേർത്തതോടെ ഫലത്തിൽ കർഷകരുടെ എല്ലാ ആവശ്യങ്ങൾക്കും കേന്ദ്രം വഴങ്ങി.