23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • സപ്ലൈകോയുടെ ഓൺലൈൻ വിൽപ്പനയ്ക്കു 11നു തുടക്കം
Kerala

സപ്ലൈകോയുടെ ഓൺലൈൻ വിൽപ്പനയ്ക്കു 11നു തുടക്കം

സപ്ലൈകോ ഉത്പന്നങ്ങളുടെ ഓൺലൈൻ വിൽപ്പനയ്ക്കും ഹോം ഡെലിവറിക്കും ഡിസംബർ 11നു തൃശൂരിൽ തുടക്കമാകും. തൃശൂർ നഗരസഭാ പരിധിയിലെ മൂന്നു സൂപ്പർ മാർക്കറ്റുകൾ മുഖേന പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ഓൺലൈൻ വിൽപ്പനയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കുമെന്നു ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 31 ഓടെ സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലേക്കും ഓൺലൈൻ വിൽപ്പന വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ഓൺലൈൻ വിൽപ്പനയുടെ രണ്ടാം ഘട്ടമായി ജനുവരി ഒന്നു മുതൽ സംസ്ഥാനത്തെ മറ്റു നഗരസഭാ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിലും മൂന്നാം ഘട്ടം ഫെബ്രുവരി ഒന്നിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലും നാലാം ഘട്ടം മാർച്ച് 31ന് സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും പ്രാവർത്തികമാക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നതെന്നു മന്ത്രി പറഞ്ഞു. സൂപ്പർ മാർക്കറ്റുകളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി ഉണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങളായ മിൽമ, ഹോർട്ടി കോർപ്പ്, കെപ്കോ, മത്സ്യഫെഡ് എന്നിവയുടെ ഉത്പന്നങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കും.
വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി ആനുകൂല്യങ്ങളും സപ്ലൈകോ നൽകും. ഇതിന്റെ ഭാഗമായി ഓൺലൈൻ വിൽപ്പനയുടെ ആരംഭം മുതൽ ഈ സാമ്പത്തിക വർഷം അവസാനം വരെ ഓൺലൈൻ വഴി ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങിയ ബില്ലിൽ അഞ്ചു ശതമാനം ഇളവു നൽകും. 1,000 രൂപയ്ക്ക് ഉത്പന്നങ്ങൾ വാങ്ങഉന്ന ഉപഭോക്താക്കൾക്ക് അഞ്ചു ശതമാനം ഇളവിനു പുറമേ ഒരു കിലോ ചക്കി ഫ്രഷ്ഹോൾ വീറ്റ് ആട്ട സൗജന്യമായി നൽകും. 2,000 രൂപയ്ക്കു മുകളിൽ ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അഞ്ചു ശതമാനം ഇളവിനു പുറമേ 250 ഗ്രാം ശബരി ഗോൾഡ് തേയിലെ(ബോട്ടിൽ) സൗജന്യമായി നൽകും. 5,000 രൂപയ്ക്കു മുകളിൽ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് അഞ്ചു ശതമാനം ഇളവിനു പുറമേ ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റർ പൗച്ചും സൗജന്യമായി നൽകും.
ഉത്പന്നങ്ങൾ വാങ്ങുന്നതിനു സപ്ലൈകോ കേരള എന്ന മൊബൈൽ ആപ്പും തയാറാക്കിയിട്ടുണ്ട്. ഈ ആപ്പ് ഡിസംബർ 11 മുതൽ പ്ലേ സ്റ്റോറിൽ ലഭിക്കും. ദൂരത്തിനും ഭാരത്തിനുമനുസരിച്ചാണു വിതരണ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നാലി കിലോമീറ്റർ പരിധിയിൽ അഞ്ചു കിലോ തൂക്കം വരുന്ന ഓർഡർ വിതരണം ചെയ്യുന്നതിന് 35 രൂപയും ജി.എസ്.ടിയുമാണ് ഈടാക്കുകയെന്നും മന്ത്രി പറഞ്ഞു.
11ന് ഉച്ചയ്ക്കു 12ന് തൃശൂർ കളക്ടറേറ്റ് പരിസരത്തെ പ്ലാനിങ് ഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
സപ്ലൈകോ ഓൺലൈൻ വിൽപ്പനയുടെ വിതരണ നിരക്ക് ഇങ്ങനെ; (ജി.എസ്.ടി ഉൾപ്പെടാതെ)
4 കിലോമീറ്ററിനു ഉള്ളിൽ – 5 കിലോഗ്രാം വരെ 35 രൂപ, അഞ്ചു കിലോഗ്രാമിനു മുകളിൽ പത്തു കിലോഗ്രാം വരെ 44 രൂപ, പത്തിനു മുകളിൽ 15 കിലോഗ്രാം വരെ 53 രൂപയും, 15നു മുകളിൽ 20 കിലോഗ്രാം വരെ 61 രൂപ, 20 കിലോയ്ക്കു മുകളിൽ 70 രൂപ.
നാല് മുതൽ അഞ്ചു കിലോമീറ്റർ വരെ – അഞ്ചു കിലോ വരെ 45 രൂപ, അഞ്ചു കിലോയ്ക്കു മുകളിൽ 10 വരെ 54 രൂപ, പത്തു കിലോയ്ക്കു മുകളിൽ 15 വരെ 63 രൂപ, 15 കിലോഗ്രാമിനു മുകളിൽ 20 വരെ 71 രൂപ, 20 കിലോഗ്രാമിനു മുകളിൽ 80 രൂപ.
അഞ്ച് മുതൽ ആറു കിലോമീറ്റർ വരെ – അഞ്ചു കിലോ വരെ 55 രൂപ, 5 കിലോയ്ക്കു മുകളിൽ 10 വരെ 64 രൂപ, പത്തിനു മുകളിൽ 15 കിലോ വരെ 73 രൂപ, 15നു മുകളിൽ 20 കിലോ വരെ 81 രൂപ, 20 കിലോഗ്രാമിനു മുകളിൽ 90 രൂപ.
ആറ് കിലോമീറ്ററിനു മുതൽ ഏഴു കിലോമീറ്റർ വരെ – അഞ്ചു കിലോ വരെ 65 രൂപ, അഞ്ചിനു മുകളിൽ പത്തു കിലോ വരെ 74 രൂപ, പത്തിനുമുകളിൽ 15 കിലോ വരെ 83 രൂപ, 15 നു മുകളിൽ 20 കിലോ വരെ 91 രൂപ, 20 കിലോഗ്രാമിനു മുകളിൽ 100 രൂപ.
ഏഴ് മുതൽ എട്ട് കിലോമീറ്റർ വരെ – അഞ്ച് കിലോ വരെ 75 രൂപ, അഞ്ചു കിലോയ്ക്കു മുകളിൽ 10 കിലോ വരെ 84 രൂപ, 10 കിലോയ്ക്കു മുകളിൽ 15 കിലോ വരെ 93 രൂപ, 15 കിലോയ്ക്കു മുകളിൽ 20 കിലോ വരെ 101 രൂപ, 20 കിലോഗ്രാമിനു മുകളിൽ 110 രൂപ.
എട്ട് മുതൽ ഒൻപതു കിലോമീറ്റർ വരെ – അഞ്ചു കിലോ വരെ 85 രൂപ, അഞ്ചു കിലോയ്ക്കു മുകളിൽ 10 കിലോ വരെ 94 രൂപ, 10 കിലോയ്ക്കു മുകളിൽ 15 കിലോ വരെ 103 രൂപ, 15 കിലോയ്ക്കുമുകളിൽ 20 കിലോ വരെ 111 രൂപ, 20 കിലോഗ്രാമിനുമുകളിൽ 120 രൂപ.
ഒൻപത് മുതൽ 10 കിലോമീറ്റർ വരെ – അഞ്ചു കിലോഗ്രാം വരെ 95 രൂപ, അഞ്ചിനു മുകളിൽ 10 വരെ കിലോഗ്രാമിന് 104 രൂപ, 10 നു മുകളിൽ 15 വരെ കിലോഗ്രാം വരെ 113 രൂപ, 15 നു മുകളിൽ 20 കിലോഗ്രാം വരെ 121 രൂപ, 20 കിലോഗ്രാമിനു മുകളിൽ 130 രൂപ.

Related posts

കേന്ദ്ര പെൻഷനിൽ പുതിയ നിർദേശം; വർഷം 1% വർധന.

Aswathi Kottiyoor

ശബരിമല തീർഥാടനം: ഒരുക്കങ്ങൾ വിലയിരുത്താൻ ഉന്നതല യോഗം ചേർന്നു

Aswathi Kottiyoor

മൂ​ന്നാം ​ക്ലാ​സ് പാ​ഠ്യ​പ​ദ്ധ​തി​യി​ൽ സം​സ്കൃ​തം ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സം​സ്കൃ​ത ​ഭാ​ര​തി

Aswathi Kottiyoor
WordPress Image Lightbox