സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ ചില എസ്എച്ച്ഒമാർക്കു ജോലി ചെയ്യാൻ മടിയും ശുഷ്കാന്തി കുറവും. സിഐമാരെ എസ്എച്ച്ഒ മാരാക്കി ആഭ്യന്തരവകുപ്പ് നടപ്പിലാക്കിയ പരിഷ്കരണം കാര്യക്ഷമമായി നടപ്പിലാക്കാത്ത പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാരെ ഏൽപ്പിക്കാൻ നടപടി ആരംഭിച്ചു.
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് ഇതേ ക്കുറിച്ച് അന്തിമ തീരുമാനം കൈകൊള്ളാൻ നിർബന്ധിതമായിരിക്കുന്നത്. നേരത്തെ ഇതു സംബന്ധിച്ചുള്ള ശിപാർശ ഡിജിപി ഉൾപ്പെടെ പരിഗണിച്ചിരുന്നില്ല.
എന്നാൽ, പോലീസിനെതിരെ നിരവധി ആരോപണങ്ങൾ ഉയരുന്നത് ആഭ്യന്തരവകുപ്പിന്റെ പ്രതിഛായയെ ബാധിക്കുന്ന സ്ഥിതിയായതോടെയാണ് ഇന്റലിജൻസിന്റെ ശിപാർശ നടപ്പിലാക്കാൻ കാരണമായിരിക്കുന്നത്.
സംസ്ഥാനത്തെ 540 പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാരിൽനിന്നു സിഐമാർക്കു നൽകിയാണ് പുതിയ പരിഷ്കാരം നടപ്പിലാക്കിയത്. ഭൂരിഭാഗം സിഐമാരും സ്റ്റേഷൻ ഭരണത്തിന്റെ കാര്യത്തിൽ ഉദാസീനത കാട്ടുന്നതായി ഇന്റലിജൻസ് കണ്ടെത്തിയിരുന്നു.
104 പോലീസ് സ്റ്റേഷനുകളിലാണ് ഇത്തരത്തിൽ കാര്യക്ഷമമായ പ്രവർത്തനം നടക്കാത്തതെന്നാണ് കണ്ടെത്തൽ. ഈ സ്റ്റേഷനുകളുടെ ചുമതല എസ്ഐമാർക്കു നൽകണമെന്ന ശുപാർശ ആഭ്യന്തര വകുപ്പ് തത്വത്തിൽ അംഗീകരിച്ചിരിക്കുകയാണ്. ഏറെ താമസിയാതെ സ്റ്റേഷൻ ചുമതല സിഐമാരിൽനിന്ന് എസ്ഐമാർക്കു നൽകും.
വിവിധ പോലീസ് സ്റ്റേഷനുകളിൽ പ്രതിവർഷം രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ എ, ബി, സി എന്നീ മൂന്ന് ഗ്രേഡുകളായി തിരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ ചുമതല എസ്ഐമാർക്കു നൽകുക.
ആയിരത്തിൽ താഴെ കേസുകൾ രജിസ്റ്റർ ചെയ്യുന്ന പോലീസ് സ്റ്റേഷനുകളാണ് സി വിഭാഗത്തിൽപ്പെടുന്നത്. ഈ സ്റ്റേഷനുകളിലെ ചുമതലയാണ് സിഐമാരിൽ നിന്നും എസ്ഐമാർക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
ആയിരം മുതൽ രണ്ടായിരം വരെ കേസുകളുള്ള സ്റ്റേഷനുകൾ ബി വിഭാഗത്തിലും രണ്ടായിരത്തിന് മുകളിൽ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സ്റ്റേഷനുകളെ എ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കേസുകളുടെ എണ്ണം കുടുതലുള്ള സ്റ്റേഷനുകളിൽ ചുമതല സിഐമാരിൽ തന്നെ നിലനിർത്തും. നിലവിൽ ചുമതലയുള്ള സിഐമാർ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന കർശന നിർദേശം ഉൾപ്പെടെ നൽകാനാണ് ഡിജിപി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം.
ചില സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർ കൃത്യമായി സ്റ്റേഷനിൽ എത്താത്തതും രേഖകൾ പരിശോധിക്കാത്തതും ഉൾപ്പെടെ ഇന്റലിജൻസ് പ്രത്യേകം കണ്ടെ ത്തി റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. എസ്ഐമാർക്ക് ചുമതല നൽകുന്ന സ്റ്റേഷനുകളിൽനിന്ന് ഒഴിവാക്കുന്ന സിഐമാരെ സേനയിലെ വിവിധ വിഭാഗങ്ങളിൽ നിയമിക്കാനുള്ള നടപടിക്രമം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ അന്തിമ തീരുമാനത്തിനു ശേഷം ഉടൻ തന്നെ ചുമതല വിഭജനം നടത്തും.