നിർദിഷ്ട കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ 2020 ക്രൈസ്തവ വ്യക്തി നിയമങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണെന്നും ഈ ബില്ലിൽനിന്നും സർക്കാർ പിന്മാറണമെന്നും കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലം.
ക്രൈസ്തവ സമൂഹങ്ങളിലെ ഏറ്റവും ശ്രേഷ്ഠമായ കുടുംബജീവിതത്തിന്റെ അടിസ്ഥാനമായ വിവാഹമെന്ന കൂദാശയുടെ പ്രാധാന്യത്തെ ലഘൂകരിക്കുംവിധമാണ് ഈ ബിൽ തയാറാക്കിയിട്ടുള്ളത്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വിവാഹം കൂദാശയാണ്. ദേവാലയത്തിൽ ദൈവസന്നിധിയിൽ വരനും വധുവും തമ്മിൽ നടത്തുന്ന പരിപാവനമായ ഉടന്പടിയാണിത്.
ക്രൈസ്തവ വിവാഹ രേഖകൾ നാളിതുവരെ കുറ്റമറ്റ രീതിയിൽ എല്ലാ സർക്കാരുകളും അംഗീകരിച്ചു വരുന്നതാണ്. ഇതേ വിവാഹനടപടികളാണ് ക്രൈസ്തവർക്കിടയിൽ ലോകം മുഴുവൻ തുടർന്നുവരുന്നത്. ഇപ്പോൾ നിലനിൽക്കുന്ന വിവാഹ നടപടികളിൽ സർക്കാർ ഇടപെടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും ബിജു പറയന്നിലം വ്യക്തമാക്കി.