21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • യുനെസ്‌കോ ആഗോളപഠനനഗര ശൃംഖലയിലെ സാന്നിധ്യം വൈജ്ഞാനിക സാമ്പത്തിക സമൂഹമായി മാറുന്നതിന്റെ ഭാഗം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
Kerala

യുനെസ്‌കോ ആഗോളപഠനനഗര ശൃംഖലയിലെ സാന്നിധ്യം വൈജ്ഞാനിക സാമ്പത്തിക സമൂഹമായി മാറുന്നതിന്റെ ഭാഗം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

യുനെസ്‌കോയുടെ ഗ്ലോബൽ ലേണിംഗ് സിറ്റി (ആഗോളപഠനനഗര) ശൃംഖലയിൽ തൃശൂർ കോർപ്പറേഷനെയും നിലമ്പൂർ നഗരസഭയേയും ഉൾപ്പെടുത്താൻ ശുപാർശ ചെയ്തതിലൂടെ സംസ്ഥാന സർക്കാരിന്റെ വൈജ്ഞാനിക സാമ്പത്തിക സമൂഹമെന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാവുകയാണെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
രാജ്യത്ത് ആദ്യമായാണ് ആഗോളപഠനനഗരം പദവിയിലേക്ക് കേരളത്തിലെ രണ്ട് നഗരങ്ങൾ ഉയരുന്നത്. സംസ്ഥാന സർക്കാരിന്റെ ശുപാർശ അംഗീകരിച്ച കേന്ദ്രസർക്കാർ, ആഗോളപഠനനഗരമാക്കാനുള്ള നിലവാരം തൃശൂരിനും നിലമ്പൂരിനുമുണ്ടെന്ന് മനസിലാക്കിയാണ് യുനെസ്‌കോയ്ക്ക് ശുപാർശ ചെയ്തത്. തൃശൂർ കോർപ്പറേഷനിൽ കിലയും തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ സ്‌കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗും സംയുക്തമായാണ് ആഗോളപഠനനഗരമാക്കി മാറ്റുന്നത്. പത്ത് വർഷത്തേക്കുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. നിലമ്പൂരിൽ അന്തർദേശീയ നിലവാരത്തിലുള്ള വിജ്ഞാനകേന്ദ്രങ്ങൾ ഇതിന്റെ ഭാഗമായി യാഥാർത്ഥ്യമാക്കും. രാജ്യത്തിന് തന്നെ മാതൃകയായി മാറുന്ന പദ്ധതികളാണ് കേരളത്തിലെ നഗരങ്ങളിൽ നടപ്പിലാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ മറ്റ് നഗരങ്ങളെയും ആഗോളതലത്തിൽ ഉയർത്തുന്നതിനാവശ്യമായ പദ്ധതികൾ കിലയുടെ ആഭിമുഖ്യത്തിൽ ആവിഷ്‌കരിച്ച് യുനെസ്‌കോയ്ക്കും മറ്റ് ഏജൻസികൾക്കും നൽകുവാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. കൊച്ചി കേർപ്പറേഷനെ സിറ്റി ഓഫ് ഡിസൈൻ പദവിയിലേക്ക് ഉയർത്താനും കോഴിക്കോട് കോർപ്പറേഷനെ സിറ്റി ഓഫ് ലിറ്ററേച്ചർ ആക്കി മാറ്റാനും കണ്ണൂർ കോർപ്പറേഷനെ സിറ്റി ഓഫ് ക്രാഫ്റ്റ് ആൻഡ് ഫോക്കായും ഉയർത്താൻ യുനെസ്‌കോയുമായി സഹകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനെ സിറ്റി ഓഫ് പീസ് ആക്കി മാറ്റുവാൻ യുഎൻഎസ്ഡിജിയുമായും കൊല്ലം കോർപ്പറേഷനെ ബയോഡൈവർ സിറ്റിയാക്കി മാറ്റാൻ ഐയുസിഎന്നുമായും സഹകരിക്കുമെന്ന് മന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്തെ വൈജ്ഞാനിക സാമ്പത്തിക സമൂഹമാക്കി മാറ്റുവാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് എല്ലാവരിൽ നിന്നുമുള്ള പിന്തുണയും ഉണ്ടാവണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. യുനെസ്‌കോയുടെ ആഗോളപഠനനഗര ശൃംഖലയിൽ ഇടംപിടിച്ച തൃശൂർ കോർപ്പറേഷനെയും നിലമ്പൂർ നഗരസഭയേയും മന്ത്രി അഭിനന്ദിച്ചു.

Related posts

കൂത്തുപറമ്പില്‍ നാടക മഹാമേള സെപ്തംബര്‍ 4 മുതല്‍ 9 വരെ*

Aswathi Kottiyoor

ക്ഷീര കര്‍ഷക സംഗമം

Aswathi Kottiyoor

സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2022-23 വര്‍ണച്ചിറകുകള്‍

Aswathi Kottiyoor
WordPress Image Lightbox