22.8 C
Iritty, IN
July 14, 2024
  • Home
  • Kerala
  • *കിറ്റെക്സിന്റെ വാദമല്ല ശരി’; എന്തുകൊണ്ട് കേന്ദ്രത്തെ അനുകൂലിച്ച് ഹൈക്കോടതി വിധി.*
Kerala

*കിറ്റെക്സിന്റെ വാദമല്ല ശരി’; എന്തുകൊണ്ട് കേന്ദ്രത്തെ അനുകൂലിച്ച് ഹൈക്കോടതി വിധി.*

കോവിഡ് മഹാമാരിയുടെ ഭീഷണിയിലൂടെ രാജ്യം കടന്നുപോകുമ്പോൾ വ്യക്തി താൽപര്യത്തിനല്ല രാജ്യ താൽപര്യത്തിനാണ് പ്രാധാന്യം എന്ന് അടിവരയിടുകയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി. വാക്സീൻ ഇടവേള സംബന്ധിച്ച കേന്ദ്രസർക്കാർ അപ്പീലിലായിരുന്നു കോടതി വിധി പറഞ്ഞത്.കോവിഷീൽഡ് വാക്സീന്റെ രണ്ടാം ഡോസ് എടുക്കാനുള്ള ഇടവേളയിൽ ഇളവ് വരുത്തിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയും ചെയ്തു. ആദ്യ ഡോസ് സ്വീകരിച്ച് നാലാഴ്ചയ്ക്കുശേഷം വാക്സീന്റെ രണ്ടാം ഡോസ് എടുക്കാൻ പറ്റിയ രീതിയിൽ കോവിൻ പോർട്ടലിൽ മാറ്റം വരുത്താൻ സിംഗിൾ ബെഞ്ച് നൽകിയ നിർദേശം നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുടെ ഉത്തരവ്.

‘വാക്സീൻ സ്വകാര്യ സ്വത്തല്ല’

ആദ്യ ഡോസ് എടുത്ത് 12 ആഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് കോവിഷീൽഡ് വാക്സീൻ എടുക്കാനാണ് കേന്ദ്രസർക്കാർ അനുമതിയുള്ളത്. ഇതിനെതിരെ ഒന്നാം ഡോസ് എടുത്തു നാലാഴ്ച കഴിഞ്ഞ ജീവനക്കാർക്ക് രണ്ടാം ഡോസ് എടുക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കിറ്റെക്സ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കിറ്റെക്സിന്റെ വാദം തള്ളിയ കോടതി കേന്ദ്രസർക്കാർ അപ്പീലിലൂടെ നൽകിയ വാദങ്ങൾ അംഗീകരിക്കുകയായിരുന്നു. വാക്സീൻ സ്വകാര്യ സ്വത്തല്ലെന്നും നിയന്ത്രിതമായ രീതിയിൽ നൽകേണ്ട ഒരു പ്രത്യേക അവകാശമോ സംരക്ഷണമോ ആണെന്നുള്ള കേന്ദ്രസർക്കാർ വാദം ഹൈക്കോടതി അംഗീകരിച്ചു.ഇടവേള 84 ദിവസമായി നിശ്ചയിച്ചതു രാഷ്ട്രീയ, ഭരണപര തീരുമാനമല്ലെന്നും ശാസ്ത്രീയ പഠനവും തെളിവുകളുമാണ് ആധാരമാക്കിയതെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പണം നൽകിയാണു വാക്സീൻ എടുക്കുന്നത് എന്നതിന്റെ പേരിൽ വാക്സീൻ ഇടവേള സംബന്ധിച്ച തീരുമാനം എടുക്കാനാകില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. തങ്ങളുടെ ജീവനക്കാർക്ക് ആദ്യ ഡോസ് നൽകി നാലാഴ്ച കഴിഞ്ഞതിനാൽ രണ്ടാം ഡോസ് എടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കിറ്റെക്സ് ഹർജി.

കിറ്റെക്സിന്റെ വാദം, സിംഗിൾ ബെഞ്ച് പറഞ്ഞതും…

84 ദിവസത്തിനു മുൻപോ ശേഷമോ വാക്സീൻ എടുക്കണമോയെന്നതു വ്യക്തിപരമായി തിരഞ്ഞെടുക്കാവുന്ന വിഷയമാണെന്നായിരുന്നു കിറ്റെക്സ് വാദിച്ചത്. വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് രണ്ടാം ഡോസ് വാക്സീൻ എടുക്കുന്ന ഇടവേളയിൽ ഇളവ് അനുവദിച്ചതും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഈ തരംതിരിവ് വിവേചനമാണെന്നും വാദിച്ചു. വാക്സീൻ സ്വീകരിക്കുന്നതു സർക്കാർ നിർബന്ധമാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ, 84 ദിവസം മുൻപ് വാക്സീൻ സ്വീകരിച്ച് നേരത്തേ തന്നെ സുരക്ഷ നേടുകയെന്ന കാര്യത്തിൽ വ്യക്തികൾക്ക് തീരുമാനിക്കാമെന്നായിരുന്നു കിറ്റെക്സ് വാദം. ഒന്നാമത്തെ വാക്സീൻ എടുത്ത് 84 ദിവസത്തെ ഇടവേളയ്ക്കു മുൻപ് കോവിഷീൽഡിന്റെ രണ്ടാമത്തെ വാക്സീൻ എടുത്ത് നേരത്തേ തന്നെ രോഗത്തിൽനിന്നു സംരക്ഷണം നേടാനാണു ലക്ഷ്യമിടുന്നത്. 84 ദിവസം കാത്തിരുന്ന ശേഷം രണ്ടാമത്തെ ഡോസ് എടുത്ത് രോഗത്തിൽനിന്നു മികച്ച സംരക്ഷണം നേടുക എന്നതിനേക്കാൾ നേരത്തേ തന്നെ സംരക്ഷണം നേടുന്നതിനാണു മുൻഗണന നൽകുന്നത്. ഇക്കാര്യത്തിൽ തങ്ങൾക്ക് മൗലികാവകാശമുണ്ടെന്നും ഹർജിക്കാർ വ്യക്തമാക്കി. കിറ്റെക്സിന്റെ ഈ വാദമാണ് നേരത്തേ സിംഗിൾ ബെഞ്ച് അംഗീകരിച്ചത്.

കേന്ദ്രസർക്കാർ അപ്പീലിൽ വാദിച്ചത്…

മൗലികാവകാശത്തെ അടിസ്ഥാനമാക്കിയാണു സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചതെന്നും ശാസ്ത്രീയവും സാങ്കേതികവുമായ കാര്യങ്ങൾ പരിഗണിച്ചില്ലെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ (എഎസ്ജി) പി.വിജയകുമാർ വാദിച്ചു. 84 ദിവസത്തെ ഇടവേള എന്ന വ്യവസ്ഥ വച്ചത് ജനങ്ങൾക്ക് പൊതുവായി കൂടുതൽ സുരക്ഷ നൽകുകയെന്ന ലക്ഷ്യത്തോടെയാണ്. അതിനാൽ നിർദിഷ്ട ഇടവേളയ്ക്കു മുൻപുതന്നെ വാക്സിനേഷൻ നടത്തി തങ്ങളുടെ ജീവനക്കാർക്ക് നേരത്തേ തന്നെ സംരക്ഷണം ഉറപ്പാക്കണമെന്ന ഹർജിക്കാരുടെ വാദത്തിന് പൊതുതാൽപാര്യം കണക്കിലെടുക്കുമ്പോൾ വിശ്വാസ്യതയില്ല. .

ഒരു ഫാക്ടറിയിലെ കുറച്ചുപേർക്കു മാത്രമല്ല, ജനങ്ങൾക്കു മുഴുവൻ മികച്ച സംരക്ഷണം ലഭ്യമാക്കാൻ, വിവേക ബുദ്ധിയോടെ നൽകേണ്ട ഒന്നാണ് വാക്‌സീൻ. ദേശീയതലത്തിൽ കൊടുംദുരന്തത്തിന് ഇടവരുത്തുന്ന രീതിയിൽ വാക്സീൻ വിതരണത്തിൽ തടസ്സമുണ്ടാക്കാൻ ഉതകുന്നതാണു ഹർജിയും ആവശ്യങ്ങൾ അനുവദിക്കുന്നതും.

Related posts

സഹജീവനം ഭിന്നശേഷി സഹായ കേന്ദ്ര പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

ദു​ർ​മ​ന്ത്ര​വാ​ദം: ആ​ല​പ്പു​ഴ​യി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

Aswathi Kottiyoor

*മാറ്റം ഉറപ്പെന്ന് മന്ത്രി, കോഴിക്കോടന്‍ പെരുമ വിളിച്ചോതിയ കലോത്സവമെന്ന് സതീശന്‍; കലാപൂരത്തിന് സമാപനം

Aswathi Kottiyoor
WordPress Image Lightbox