മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2022-23 സാന്പത്തിക വർഷം നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവൃത്തികളുടെ പട്ടികയും ഇതിനായി ചെലവഴിക്കേണ്ടി വരുന്ന തൊഴിൽ ദിനങ്ങളും ഈ വർഷം തന്നെ ഗ്രാമസഭകൾ ചേർന്ന് നിശ്ചയിക്കണമെന്ന് സർക്കാർ ഉത്തരവ്. സ്വകാര്യഭൂമിയിൽ നിയമത്തിനു നിരക്കാത്തതും ആവർത്തന സ്വഭാവമുള്ളതുമായ പ്രവൃത്തികൾ മുൻകാലങ്ങളിൽ ചെയ്തുവന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സ്വകാര്യഭൂമിയിൽ ഏറ്റെടുക്കുന്ന പ്രവൃത്തികൾ നിലവിലെ പരിസ്ഥിതി സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കാൻ പാടില്ല. കൂടാതെ ഉത്പാദനപരമല്ലാത്തതും നിലവിലെ പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന തരത്തിലുമുള്ളതായ പ്രവൃത്തികൾക്ക് ഉദ്യോഗസ്ഥർ സാങ്കേതിക അനുമതി നല്കരുത്. സ്വകാര്യഭൂമിയിൽ ആവർത്തന സ്വഭാവമുള്ള താത്കാലിക പ്രവൃത്തികൾ ഏറ്റെടുക്കാൻ അനുവാദം നല്കരുത്.
ലേബർ ബജറ്റ് തയാറാക്കാനുള്ള പ്രവർത്തനങ്ങൾ ത്രിതലപഞ്ചായത്തുകൾ ഏറെ വേഗത്തിലാക്കണം. . ഇത്തരത്തിൽ പദ്ധതികൾ തയാറാക്കിയാൽ തൊഴിൽ ആവശ്യപ്പെട്ട് പത്തോ അതിലധികമോ തൊഴിലാളികൾ സമീപിക്കുന്പോൾ പഞ്ചായത്തിന് അനായാസേന പ്രവൃത്തികൾ തെരഞ്ഞെടുത്ത് നല്കാൻ സാധിക്കും. ചില പ്രവൃത്തികൾക്ക് ഗ്രാമസഭകൾ ശിപാർശ ചെയ്താലും സാങ്കേതിക കാരണങ്ങളാൽ നടപ്പാക്കാൻ സാധിക്കില്ല. ഇക്കാരണത്താൽ തയാറാക്കുന്ന പ്രോജക്ടുകൾ രണ്ടുവർഷം വരെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ളതാവുന്നത് ഉചിതമായിരിക്കും. പ്രകൃതി വിഭവപരിപാലനവുമായി ബന്ധപ്പെട്ട പൊതുപ്രവൃത്തികൾക്ക് പദ്ധതിയിൽ മുൻഗണന നല്കണം.
കുടിവെള്ള സ്രോതസുകൾ ഉൾപ്പെടെയുള്ള ഭൂഗർഭജലവിതാനം ഉയർത്തുന്നതിന് ആവശ്യമായ അടിയണകൾ, മണ് തടയണകൾ, ചെക്ക് ഡാമുകൾ തുടങ്ങിയ നിർമാണങ്ങൾ. സൂക്ഷ്മ-ചെറുകിട ജലസേചന പ്രവൃത്തികളും തോടുകൾ, കനാലുകൾ എന്നിവയുടെ നിർമാണവും പുനരുദ്ധാരണവും കുളങ്ങളുടേയും മറ്റു ജലസ്രോതസുകളുടേയും ആഴംകൂട്ടൽ പരന്പരാഗത ജലസ്രോതസുകളുടെ പുനരുദ്ധാരണം തുടങ്ങിയ പദ്ധതികൾക്ക് മുൻഗണന നല്കണം. ഇതോടൊപ്പം കടലോരങ്ങളിലും കനാൽ ബണ്ടുകളിലും റോഡുകളുടെ വശങ്ങളിലും ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ള മരങ്ങൾ വെച്ചുപിടുപ്പിക്കൽ, പുൽമേടുകളുടെ വികസനം, മുള,തെങ്ങ്, റബർ എന്നിവയുടെ പ്ലാന്റേഷൻതുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുത്തണം.
ഈ മാസം 20 നു മുന്പായി ബ്ലോക്ക് പഞ്ചായത്തുകൾ ബ്ലോക്ക് തല വാർഷിക പദ്ധതി അംഗീകരിച്ച് ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർക്ക് സമർപ്പിക്കണം. ഈ മാസം 30 നു മുന്പായി ഓരോ ഗ്രാമപഞ്ചായത്തിന്റെയും പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്നു ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഉറപ്പാക്കണം. തുടർന്ന് ജില്ലാ വർഷിക പദ്ധതിയും ലേബർ ബജറ്റും ജില്ലാ പഞ്ചായത്തിനു സമർപ്പിക്കണം. 2022 ജനുവരി 10നുള്ളിൽ ജില്ലാ വാർഷിക പദ്ധതി ജില്ലാ പഞ്ചായത്ത് അംഗീകരിക്കണം. 20 നുള്ളിൽ ജില്ലാ ലേബർ ബജറ്റും പ്രവൃത്തികളുടെ ലിസ്റ്റും സംസ്ഥാന മിഷനു കൈമാറുകയും ജനുവരി 30 നുള്ളിൽ സംസ്ഥാന തൊഴിലുറപ്പ് കൗണ്സിൽ യോഗം ചേർന്ന് ലേബർ ബജറ്റ് അംഗീകരിക്കണം. 2022 ഫെബ്രുവരി 10 നു മുന്പായി സംസ്ഥാനത്തിന്റെ ലേബർ ബജറ്റ് കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കുന്ന തരത്തിലാണ് ഇതിനായുള്ള ഷെഡ്യൂൾ തയാറാക്കിയിട്ടുള്ളത്.