പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളിൽ കൂടുതൽ ഇളവുകൾ വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് എംപിമാരുമായി നടത്തിയ ചർച്ചയിൽ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ഭുപേന്ദർ യാദവ് സൂചിപ്പിച്ചു. കർശന നിയന്ത്രണങ്ങളുള്ള പരിസ്ഥിതി ലോല മേഖലയുടെ (ഇഎസ്എ) പരിധിയിൽനിന്ന് 1337.24 ചതുരശ്ര കിലോമീറ്റർ കൂടി ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് പരിഗണിക്കുക.
നിലവിലെ കരട് വിജ്ഞാപനമനുസരിച്ച് സംസ്ഥാനത്തെ 123 വില്ലേജുകളാണ് ഇഎസ്എ പരിധിയിലുള്ളത്. ആവശ്യം അംഗീകരിച്ചാൽ നിർമാണങ്ങൾക്കും വ്യവസായങ്ങൾക്കും കർശന നിയന്ത്രണമുള്ള വില്ലേജുകളുടെ എണ്ണം 92 ആയി കുറയും, ഇഎസ്എ പരിധി 8656.4 ചതുരശ്ര കിലോമീറ്ററാവും. ജണ്ടയിട്ട വനം മാത്രമാവും ഇഎസ്എ പരിധിയിലുണ്ടാവുക. ബാക്കിയുള്ളവയെ ഇളവുകൾ ബാധകമാകുന്ന ‘നോൺ കോർ’ ആയി കണക്കാക്കാനാണ് ആലോചന. ഇതുസംബന്ധിച്ച് ഉറപ്പുലഭിച്ചതായി കേരള എംപിമാർ പറഞ്ഞു.
ഇന്ന് സംസ്ഥാന സർക്കാരുമായി മന്ത്രാലയം ചർച്ച നടത്തുന്നുണ്ട്. ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് ചർച്ചയിൽ പങ്കെടുക്കുക. എംപിമാരുമായി കേന്ദ്ര വനം മന്ത്രി ഈ മാസം 16ന് വീണ്ടും ചർച്ച നടത്തും. കൃഷിസ്ഥലങ്ങളിൽ വന്യമൃങ്ങൾ ഇറങ്ങുന്നതുമൂലമുള്ള പ്രശ്നം ചർച്ച ചെയ്യാൻ മറ്റൊരു യോഗം വിളിക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കസ്തൂരിരംഗൻ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ 2013ൽ ഇറക്കിയ ഓഫിസ് മെമ്മോറാണ്ടമാണ് (ഒഎം) ഇപ്പോൾ പ്രാബല്യത്തിലുള്ളത്. ഇതിൽ 2018 ഡിസംബറിൽ കേരളത്തിനായി ഭേദഗതി വരുത്തി പശ്ചിമഘട്ട ഇഎസ്എ 9993.7ചതുരശ്ര കിലോമീറ്റർ പ്രദേശത്തേക്കു ചുരുക്കി. കേന്ദ്രം ഇറക്കിയ നാലാമത്തെ കരടു വിജ്ഞാപനത്തിന്റെ കാലാവധി ഈ മാസം 31ന് അവസാനിക്കും. അതിനു മുൻപ് അന്തിമ വിജ്ഞാപനം ഇറക്കാനാണ് ശ്രമിക്കുന്നതെന്ന് ഇന്നലത്തെ ചർച്ചയിൽ കേന്ദ്രമന്ത്രി സൂചിപ്പിച്ചു. എന്നാൽ, കരടിൽ നിർദേശിച്ച ഇഎസ്എ പരിധിയിൽ മാറ്റം വരുത്തുന്നതു തടഞ്ഞ് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) 2018ൽ ഉത്തരവിട്ടിരുന്നു. അതിനാൽ കേരളത്തിന്റെ ആവശ്യം അംഗീകരിച്ചുള്ള ഭേദഗതികൾ വരുത്തണമെങ്കിൽ എൻജിടിയുടെ അനുമതി വേണ്ടിവരുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
പരിസ്ഥിതി സഹമന്ത്രി അശ്വനി കുമാർ ചൗബെയും ഉദ്യോഗസ്ഥരും ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, എം.കെ. രാഘവൻ, തോമസ് ചാഴികാടൻ, കെ.മുരളീധരൻ, എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ടി.എൻ.പ്രതാപൻ, ശശി തരൂർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
നിരോധനം ഇവയ്ക്ക്
ഇഎസ്എ മേഖലയിൽ ഖനനം, ക്വാറി, മണൽ വാരൽ, താപോർജ നിലയം, 20,000 ചതുരശ്ര മീറ്ററെങ്കിലുമുള്ള കെട്ടിടങ്ങളും മറ്റു നിർമാണങ്ങളും, 50 ഹെക്‌ടറെങ്കിലുമുള്ളതോ 1.5 ലക്ഷം ചതുരശ്ര മീറ്റർ നിർമാണമുള്ളതോ ആയ ടൗൺഷിപ് /മേഖലാ വികസന പദ്ധതികൾ, ചുവപ്പു ഗണത്തിലുള്ള വ്യവസായങ്ങൾ എന്നിവയ്‌ക്ക് പൂർണ നിരോധനമുണ്ട്.
∙ ‘ഗാഡ്ഗിൽ സമിതിയുടെയും കസ്തൂരിരംഗൻ സമിതിയുടെയും ശുപാർശകൾ മന്ത്രാലയത്തിന്റെ പക്കലുണ്ട്. കേരളത്തിലെ എംപിമാർ ഉന്നയിച്ച ആവശ്യങ്ങൾ ഞാൻ കേട്ടു. തീർച്ചയായും പരിഗണിക്കാമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.’ – ഭുപേന്ദർ യാദവ്, കേന്ദ്ര മന്ത്രി