കേരളത്തില്‍ കോവിഡ് മരണം കൂടുന്നതായി കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ 2118 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുമുന്‍പുള്ള ആഴ്ചയിലേതിനേക്കാള്‍ കൂടുതലാണിത്.
തൃശൂര്‍, കോഴിക്കോട് മലപ്പുറം കൊല്ലം എന്നീ ജില്ലകളിലാണ് ആശങ്ക ഉയര്‍ത്തുന്ന തരത്തില്‍ മരണസംഖ്യ കൂടുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ വകുപ്പിനയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഒരു മാസത്തിനിടെ കേരളത്തില്‍ 1,71,521 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ഒരു മാസത്തെ ആകെ പുതിയ കേസുകളുടെ 55.8 ശതമാനമാണിത്. സംസ്ഥാനത്തെ 13 ജില്ലകളിലും കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍, കോട്ടയം എന്നീ ജില്ലകളിലെ പുതിയ കേസുകളാണ് ആശങ്ക ഉളവാക്കുന്നതെന്ന് കേന്ദ്രം പറയുന്നു.
തിരുവനനന്തപുരം, കോഴിക്കോട്, കോട്ടയം, വയനാട് എന്നീ ജില്ലകളിലെ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് പത്ത് ശതമാനത്തില്‍ കൂടുതലാണ്. ഒമ്പത് ജില്ലകളില്‍ 5-10 ശതമാനത്തിനിടയിലാണ് രോഗസ്ഥിരീകരണ നിരക്ക്.
ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. രോഗം സ്ഥിരീകരിക്കുന്നവര്‍ 14 ദിവസം സമ്പര്‍ക്ക വിലക്കിലാണെന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാനത്തോട് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.