25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പായലിൽനിന്ന് ഇന്ധനം: ജാർഖണ്ഡ് എൻജിനിയറെ ക്ഷണിച്ച് കേരളം
Kerala

പായലിൽനിന്ന് ഇന്ധനം: ജാർഖണ്ഡ് എൻജിനിയറെ ക്ഷണിച്ച് കേരളം

പായലിൽനിന്ന് ജൈവ ഡീസൽ ഉത്പാദിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ സംസ്ഥാന സർക്കാർ. ഇക്കാര്യം ചർച്ചചെയ്യാൻ ജാർഖണ്ഡിൽ പദ്ധതി നടപ്പാക്കിയ യുവ എൻജിനിയർ വിശാൽ പ്രസാദ് ഗുപ്തയെ ഔദ്യോഗികമായി ചർച്ചയ്ക്ക് ക്ഷണിച്ചു. സംസ്ഥാനത്തെ വിദഗ്ധർക്ക് മുൻപാകെ ഈമാസം എട്ടിന് വിശാൽ വിഷയം അവതരിപ്പിക്കും.

ജാർഖണ്ഡിൽ കുളങ്ങളിലെ പായലിൽനിന്ന് ജൈവ ഡീസൽ ഉത്പാദിപ്പിച്ച് വിൽപ്പന നടത്തുന്നതിനെക്കുറിച്ച് ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന്, സംസ്ഥാന സർക്കാരിന്റെ ഉപദേശക സംവിധാനമായ കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) ആണ് റാഞ്ചിയിലെ മാതൃകയുടെ സാധ്യത പരിശോധിക്കാനായി എൻജിനിയറെ ക്ഷണിച്ചത്.

ഒട്ടേറെ ജലാശയങ്ങളും അനുകൂല കാലാവസ്ഥയുമുള്ള കേരളത്തിലും പായലിൽനിന്ന് ജൈവ ഇന്ധനമുണ്ടാക്കാനാകുമെന്നാണ് മനസ്സിലാകുന്നതെന്ന് വിശാലിനയച്ച കത്തിൽ കെ-ഡിസ്‌ക് എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. കെ.എം. എബ്രഹാം പറഞ്ഞു. ജാർഖണ്ഡിലെ കുളങ്ങളിലെ പായലിൽ നിന്നുണ്ടാക്കുന്ന ജൈവ ഇന്ധനം പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് കൂടുതൽ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമാണെന്ന് അറിയാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ സാധ്യതകൾ പരിശോധിക്കാൻ അവസരംലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് വിശാൽ പ്രതികരിച്ചു. കേരളത്തിലും ലാഭകരമായി പദ്ധതി നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അവകാശപ്പെട്ടു. ജൈവ ഇന്ധനത്തിന്റെ വാണിജ്യ സാധ്യതകളെക്കുറിച്ച് ചർച്ചചെയ്യാൻ ഇന്ത്യൻ ഓയിലിന്റെ ബദൽ ഊർജ വിഭാഗവും വിശാലിനെ ക്ഷണിച്ചിട്ടുണ്ട്.

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദമെടുത്ത വിശാൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ഗവേഷണ വിഭാഗത്തിലുൾപ്പെടെ 15 വർഷത്തോളം ജോലിചെയ്തശേഷം 2018-ലാണ് ജൈവ ഇന്ധനമുണ്ടാക്കുന്നതിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ ഡിസംബർ മുതൽ ജൈവ ഡീസൽ വിതരണം ചെയ്യാൻ റാഞ്ചിയിൽ പ്രത്യേക പമ്പ് പ്രവർത്തിക്കുന്നുണ്ട്.

Related posts

സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയിൽ 20689 തൊഴിൽ ലഭ്യത

Aswathi Kottiyoor

ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്‍ ഇനി ഓണ്‍ലൈന്‍ വഴി മാത്രം ; വൈദ്യുതി ബോര്‍ഡ്

Aswathi Kottiyoor

ലോക ബഹിരാകാശ വാരാചരണം 4 മുതൽ ; വിദ്യാർഥികൾക്ക് മത്സരങ്ങൾ, രജിസ്‌ട്രേഷൻ തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox