ടൂറിസം വകുപ്പ് നടപ്പാക്കുന്ന കാരവാൻ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി വ്യവസായ വകുപ്പ്. കാരവാന്‍ പാര്‍ക്കുകള്‍ക്കും വാഹനങ്ങള്‍ക്കും വായ്പ അനുവദിക്കാന്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) തീരുമാനിച്ചു.
ടൂറിസ്റ്റ് കാരവാനുകള്‍ വാങ്ങാനും പാര്‍ക്കുകള്‍ സ്ഥാപിക്കാനും പരമാവധി അഞ്ച് കോടി രൂപ വരെ വായ്പ നല്‍കാനാണ് കെ.എസ്.ഐ.ഡി.സി തീരുമാനിച്ചിട്ടുള്ളത്. ഒന്നില്‍ കൂടുതല്‍ കാരവന്‍ വാഹനങ്ങള്‍ വാങ്ങാൻ ഒരു കോടി രൂപയിലധികം വായ്പ അനുവദിക്കും.
അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ വാങ്ങുന്നുണ്ടെങ്കില്‍ ചെലവിന്‍റെ 70 ശതമാനം കെ.എസ്.ഐ.ഡി.സി വായ്പയായി നല്‍കും. ഒരു വാഹനത്തിന് 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് വായ്പ. ഇത്തരത്തില്‍ കാരവാന്‍ വാഹനങ്ങള്‍ വാങ്ങാനും പാര്‍ക്ക് സ്ഥാപിക്കാനുമായി പരമാവധി അഞ്ച് കോടി രൂപ വരെയാണ് കെ.എസ്.ഐ.ഡി.സി അനുവദിക്കുന്നത്.
പെട്ടെന്നുള്ള തിരിച്ചടവിന് 0.5 ശതമാനം റിബേറ്റോടെ പലിശ 8.75 ശതമാനമായിട്ടാണ് (ഫ്ളോട്ടിംഗ്) നിശ്ചയിച്ചിട്ടുള്ളത്. ആറ് മാസത്തെ മൊറട്ടോറിയം കാലയളവിന് ശേഷം 84 മാസത്തിനുള്ളില്‍ വായ്പ തിരിച്ചടക്കണം. ആദ്യത്തെ 100 കാരവാനുകള്‍ക്ക് 7.50 ലക്ഷം രൂപ അല്ലെങ്കില്‍ ചെലവിന്‍റെ 15 ശതമാനം സബ്സിഡി ലഭിക്കും.
അടുത്ത 100 വാഹനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയോ ചെലവിന്‍റെ 10 ശതമാനമോ ലഭിക്കും. 201 മുതല്‍ 300 വരെ ഇത് 2.50 ലക്ഷം രൂപയോ ചെലവിന്‍റെ അഞ്ച് ശതമാനമോ ആയിരിക്കും. മൂന്ന് വര്‍ഷത്തേക്ക് ഒരു വ്യക്തിഗത നിക്ഷേപകനോ ഗ്രൂപ്പിനോ അഞ്ച് കാരവാനുകള്‍ക്ക് സബ്സിഡി ലഭിക്കും.
വായ്പയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് – www.ksidc.org . ഫോൺ: 0471 2318922, 0484 2323010.