ശബരിമല വിമാനത്താവളത്തിന്റെ പുതിയ സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠന റിപ്പോർട്ട് അടുത്ത മാസം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു സമർപ്പിക്കും. റിപ്പോർട്ട് തയാറാക്കാനുള്ള സർവേ 2 ദിവസത്തിനകം പൂർത്തിയാകും. വിമാനത്താവളം നിർമിക്കാൻ ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽ, കൺസൽറ്റൻസിയായ ലൂയിബ്ഗറിന്റെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ചാണ് സർവേ. തുടർന്ന് റിപ്പോർട്ട് പദ്ധതി നടത്തിപ്പ് ഏജൻസിയായ സംസ്ഥാന വ്യവസായ വികസന കോർപറേഷനു (കെ എസ്ഐഡിസി) നൽകും. അത് സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ വ്യോമയാന മന്ത്രാലയത്തിനു കൈമാറും.
കേരളം മുൻപു നൽകിയ റിപ്പോർട്ടിലെ പോരായ്മകൾ വ്യോമയാന ഡയറക്ടറേറ്റ് ജനറലും (ഡിജിസിഎ) വ്യോമയാന മന്ത്രാലയവും ചൂണ്ടിക്കാണിച്ചിരുന്നു. അതിനു പുതിയ റിപ്പോർട്ടിൽ വിശദീകരണം നൽകും. ഭൂമിശാസ്ത്രപരമായ വിവരങ്ങളിലെ അവ്യക്തതയായിരുന്നു ആദ്യ റിപ്പോർട്ടിലെ പ്രധാന പോരായ്മ.
തിരുത്തിയാൽ അനുമതിയെന്ന് കേന്ദ്രം
കേരളത്തിന്റെ അപേക്ഷ തള്ളിക്കളഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലെ പിഴവുകൾ പരിഹരിച്ചാൽ അനുമതി പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. അപാകത പരിഹരിച്ചു വീണ്ടും റിപ്പോർട്ട് സമർപ്പിച്ചാൽ അനുമതി നൽകാമെന്നു മന്ത്രാലയം പാർലമെന്ററി സമിതിയെ അറിയിച്ചിരുന്നു. റിപ്പോർട്ടിന്മേൽ ഡിജിസിഎ, വിമാനത്താവള അതോറിറ്റി എന്നിവയുടെ അഭിപ്രായം തേടിയ ശേഷമാകും അന്തിമ തീരുമാനം.
വിധി എങ്ങനെയായാലും ഭൂമി ഏറ്റെടുക്കും
ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കർ ഭൂമി ഏറ്റെടുക്കാൻ റവന്യു വകുപ്പ് കഴിഞ്ഞ മാസം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കോട്ടയം സ്ഥലമെടുപ്പു വിഭാഗം സ്പെഷൽ തഹസിൽദാർക്കാണു ചുമതല. ബിലീവേഴ്സ് ചർച്ചിന്റെ പക്കൽ നിന്ന് എസ്റ്റേറ്റ് തിരിച്ചെടുക്കുന്നതിനായി സർക്കാർ പാലാ സബ് കോടതിയിൽ നൽകിയ കേസിൽ വാദം തുടരുകയാണെങ്കിലും സ്ഥലമെടുപ്പ് നടപടികളെ ബാധിക്കില്ല. വിധി ചർച്ചിന് അനുകൂലമായാൽ വില നൽകി ഏറ്റെടുക്കും.