പെട്രോളും ഡീസലും ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ജി.എസ്.ടി. കൗൺസിൽ നൽകിയ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കോവിഡ് കാലത്ത് പെട്രോളിയം ഉത്‌പന്നങ്ങൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് അറിയിച്ചത്.
തിരുവനന്തപുരത്തെ കേരള പ്രദേശ് ഗാന്ധി ദർശൻവേദി നൽകിയ ഹർജിയിലാണ് വിശദീകരണം. ഇതിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തിയത്.
പെട്രോളിയം ഉത്‌പന്നങ്ങൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുന്ന വിഷയം ജി.എസ്.ടി.കൗൺസിൽ പരിഗണിച്ചിരുന്നുവെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. വിശദമായ ചർച്ച ആവശ്യമാണെന്നും അതിനാൽ മഹാമാരിയുടെ കാലത്ത് പെട്രോളിയം ഉത്‌പന്നങ്ങൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നുമാണ് അറിയിച്ചത്. ഇതാണ് ഹൈക്കോടതിയുടെ അതൃപ്തിക്ക് കാരണമായത്.